പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകൾക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം
റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്നും മോചിതനായ ജെയിനിൻ്റെ മടങ്ങി വരവിൽ സന്തോഷം പങ്കിട്ട് കുടുംബം. ജെയിൻ വരുന്നതിൻ്റെ സന്തോഷത്തിനൊപ്പം ബിനിലിൻ്റെ മരണത്തിൽ വലിയ ദുഃഖമെന്നും മാതാപിതാക്കൾ പറഞ്ഞു. ബിനിലിൻ്റെ മൃതദേഹം കൂടി നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. വാർത്ത പുറത്തുകൊണ്ടുവന്ന ന്യൂസ് മലയാളത്തിനും കുടുംബം നന്ദി പറഞ്ഞു.
പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകൾക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം. പരിക്ക് പൂർണമായും ഭേദമായിരുന്നില്ലെങ്കിലും ക്ലിൻസിയിലെ പട്ടാള ക്യാമ്പിൽ എത്താൻ ജെയിനിന് അറിയിപ്പ് ലഭിക്കുകയായിരുന്നു. ഇക്കാര്യം അറിയിക്കാനാണ് ജെയിൻ അവസാനമായി മാതാപിതാക്കളെ ബന്ധപ്പെട്ടത്. പിന്നീട് മൊബൈലിൽ ബന്ധപ്പെടാൻ കഴിയാതയതോടെ, ജെയിൻ പട്ടാളക്യാമ്പിലേക്കെത്തിയെന്ന ആശങ്കയിലായിരുന്നു മാതാപിതാക്കൾ.
ജെയിനിൻ്റെ തിരിച്ചുവരവിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദിയെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ ജെയിനിനൊപ്പം റഷ്യയിലെത്തിയ ബിനിലിൻ്റെ വിയോഗത്തിൽ മാതാപിതാക്കൾ അതീവ ദുഃഖം രേഖപ്പെടുത്തി. ബിനിലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികളിൽ ഇതുവരെ യാതൊരു പുരോഗമനവുമുണ്ടായിട്ടില്ല. മൃതദേഹം തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ ആർമിയുടെ ഭാഗത്ത് നിന്നും യാതൊരു വിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ജെയിനിൻ്റെ ബന്ധുക്കൾ പറയുന്നു.
ജനുവരി 7ന് ഡ്രോൺ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജെയിൻ മൂന്ന് മാസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ജെയിനിനൊപ്പം തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യൻ പട്ടാളത്തിലെത്തിയ സഹോദരൻ ബിനിൽ ബാബു യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ വിഷയത്തിൽ ഇടപെടുമെന്നും തുടർനടപടികൾ വേഗത്തിലാക്കും എന്നും കേന്ദ്രസർക്കാരും വിദേശകാര്യമന്ത്രാലയവും അറിയിച്ചിരുന്നു. എന്നാൽ ജനുവരി അഞ്ചിനു മരിച്ച ബിനിലിന്റെ മൃതദേഹം ഇനിയും നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്.
ALSO READ: "റീൽസ് ഷൂട്ടിങ്ങിനിടെ അപമര്യാദയായി പെരുമാറി"; ഇൻഫ്ലുവൻസർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്
കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് ബിനിലും ജെയിനും സന്ദീപ് ചന്ദ്രനും മലയാളികളായ മറ്റ് മൂന്ന് പേര്‍ക്കൊപ്പം റഷ്യയിലെത്തിയത്. തൊഴില്‍ത്തട്ടിപ്പിന് ഇരായി കൂലിപ്പട്ടാളത്തില്‍ ചേരേണ്ടി വന്നു. ജോലിക്ക് കയറി മാസങ്ങള്‍ക്കകം യുക്രെയ്ന്‍ - റഷ്യ യുദ്ധബാധിത മേഖലയില്‍ വച്ച് സന്ദീപ് കൊല്ലപ്പെട്ടു. സന്ദീപിന്റെ മൃതദേഹം വിട്ടു കിട്ടാന്‍ ഒന്നര മാസത്തിലധികമാണ് ബന്ധുക്കള്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.