അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിന് നൈനാർ നാഗേന്ദ്രന് മൂന്ന് ഘടകങ്ങളാണ് അനുകൂലമായത്
നൈനാർ നാഗേന്ദ്രൻ
ബിജെപി നിയമസഭാ കക്ഷി നേതാവും മുൻ മന്ത്രിയുമായ (എഐഎഡിഎംകെ) നൈനാർ നാഗേന്ദ്രന്‍ തമിഴ്നാട് ബിജെപി അധ്യക്ഷനാകും. പാർട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൈനാർ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്നാണ് സൂചന. എഐഎഡിഎംകെ വിട്ട നൈനാർ 2017 ലാണ് ബിജെപിയിലെത്തുന്നത്. തീരുമാനം നാളെ അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കും.
നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ് നൈനാർ. തിരുനെൽവേലിയിൽ നിന്ന് പലവട്ടം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്. കെ. അണ്ണാമലൈ, എൽ. മുരുകൻ, പൊൻ. രാധാകൃഷ്ണന്‍, എച്ച്. രാജ, വാനതി ശ്രീനിവാസന്‍, വി.പി. ദുരൈസാമി, കനകസഭാപതി, പൊന്‍. വി. ബാലഗണപതി, കെ.പി. രാമലിംഗം എന്നിവർ നൈനാർ നാഗേന്ദ്രന്‍റെ പേര് നിർദേശിച്ചതായും ഇദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചതായും ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് ആണ് പ്രഖ്യാപിച്ചത്.
Also Read: തഹാവൂര്‍ റാണയെ 18 ദിവസത്തെ NIA കസ്റ്റഡിയില്‍ വിട്ടു; ഇന്ന് ചോദ്യം ചെയ്യും
അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിന് നൈനാർ നാഗേന്ദ്രന് മൂന്ന് ഘടകങ്ങളാണ് അനുകൂലമായത്. ഒന്ന് ജന്മദേശമായ തിരുനെല്‍വേലി. തെക്കന്‍ തമിഴ്നാട്ടിലേക്ക് വികസിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് നൈനാർ അധ്യക്ഷനാകുന്നത് മേഖലയില്‍ സ്വാധീനം വർധിപ്പിക്കാന്‍ സഹായകമാകും. രണ്ടാമതായി, സംസ്ഥാനത്ത് സ്വാധീനമുള്ള പ്രബല സമുദായങ്ങളില്‍ ഒന്നായ തേവർ വിഭാഗത്തിൽപ്പെട്ടയാളാണ് അദ്ദേഹം. ഇത് കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് എത്താന്‍ സഹായിച്ചേക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. മൂന്നാമതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം നൈനാറിന്‍റെ പ്രവർത്തന പരിചയമാണ്. എഐഎഡിഎംകെയിൽ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച നൈനാർ മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എഐഎഡിഎംകെ- ബിജെപി സഖ്യമുണ്ടായാല്‍ അവരുടെ പാർട്ടി വികാരങ്ങളെ മാനിക്കാനും അതിനനുസൃതമായി തീരുമാനങ്ങളെടുക്കാനും ഇദ്ദേഹത്തിന് സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.
Also Read: തഹാവൂര്‍ റാണയെ കോടതിയില്‍ ഹാജരാക്കി; നിയമ സഹായം ഉറപ്പാക്കി സര്‍ക്കാര്‍
ബിജെപിയുമായി വീണ്ടും സഖ്യത്തിലേർപ്പെടുന്നതിന് കെ. അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് എഐഎഡിഎംകെ തലവന്‍ എടപ്പാടി കെ. പളനിസ്വാമി ആവശ്യപ്പെട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ മാസം, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയിൽ അണ്ണാമലൈയെ പാർട്ടി സ്റ്റേറ്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന വ്യവസ്ഥ പളനി സ്വാമി മുന്നോട്ട് വച്ചതായാണ് റിപ്പോർട്ട്. എൻഡിഎയുടെ ഭാഗമായിരുന്ന എഐഎഡിഎംകെ അണ്ണാമലൈയോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2023ലാണ് സഖ്യം വിട്ടത്. സഖ്യത്തിൽ നിന്ന് പിന്മാറിയ ശേഷം അണ്ണാമലൈ രൂക്ഷമായ ഭാഷയിലാണ് എഐഎഡിഎംകെയെ വിമർശിച്ചത്. മാത്രമല്ല, സഖ്യത്തിലേക്ക് എഐഎഡിഎംകെ എത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യവെയ്ക്കുന്ന ഇപിഎസിന് നേരിട്ടുള്ള വെല്ലുവിളിയും ആകുമായിരുന്നു അണ്ണാമലൈ.