'ശാപമായ' രാജ്യങ്ങളെ 'കറുത്ത' നിറത്തിലും അനുഗ്രഹമായ രാജ്യങ്ങളെ 'പച്ച' നിറത്തിലും അടയാളപ്പെടുത്തിയിരുന്നു
ഐക്യരാഷ്ട്രസഭയിൽ പശ്ചിമേഷ്യയുടെ രണ്ട് വ്യത്യസ്ത ഭൂപടങ്ങൾ പ്രദർശിപ്പിച്ച് ഇസ്രയേൽ പ്രസിഡൻ്റ് ബെഞ്ചമിൻ നെതന്യാഹു. 'ശാപവും അനുഗ്രഹവും' എന്ന് അടയാളപ്പെടുത്തിയ ഭൂപടങ്ങളാണ് നെതന്യാഹു പ്രദർശിപ്പിച്ചത്. വലത് കയ്യിൽ ശാപം എന്ന തലക്കെട്ടിൽ ഇറാൻ, ഇറാഖ്, സിറിയ, യെമൻ എന്നീ രാജ്യങ്ങളുടെ ഭൂപടവും, ഇടതു കയ്യിൽ അനുഗ്രഹമെന്ന തലക്കെട്ടോടെ ഈജിപ്ത്, സൗദി അറേബ്യ, സുഡാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ഭൂപടവുമാണ് നെതന്യാഹു വേദിയിൽ അവതരിപ്പിച്ചത്.
എന്നാൽ രണ്ട് ഭൂപടങ്ങളിൽ നിന്നും പലസ്തീനെ പൂർണമായും ഒഴിവാക്കിയിരുന്നു. 'ശാപമായ' രാജ്യങ്ങളെ 'കറുത്ത' നിറത്തിലും അനുഗ്രഹമായ രാജ്യങ്ങളെ 'പച്ച' നിറത്തിലുമായിരുന്നു അടയാളപ്പെടുത്തിയിരുന്നത്. ഈ രാജ്യങ്ങൾ ശാപമായി മാറിയതിന് പിന്നിൽ നേരിട്ടുള്ള ഇറാനിയൻ സ്വാധീനമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൻ്റെ ഉറവിടം, ഇറാനും അതിൻ്റെ സഖ്യകക്ഷികളുമാണെന്നും നെതന്യാഹു ഊന്നി പറഞ്ഞു.
ALSO READ: ലബനനിൽ വീണ്ടും ആക്രമണം: ഇസ്രയേൽ നീക്കം നെതന്യാഹുവിൻ്റെ മുന്നറിയിപ്പിന് പിന്നാലെ
അനുഗ്രഹമെന്ന് അടയാളപ്പെടുത്തിയ ഈജിപ്ത്, സുഡാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ, ഇസ്രായേലുമായി നല്ല രീതിയിൽ ബന്ധം തുടരുന്നവയാണ്. ഇസ്രയേലിൻ്റെ സഖ്യകക്ഷികളോ അല്ലെങ്കിൽ സഖ്യകക്ഷികളാവാൻ സാധ്യതയുള്ള രാജ്യങ്ങളോ ആണ് ഇവ. ലബനൻ, സിറിയ, യെമൻ എന്നിവിടങ്ങളിൽ തുടരുന്ന ഇസ്രയേൽ അക്രമങ്ങൾക്ക് കാരണം ഇറാനാണെന്നായിരുന്നു നെതന്യാഹുവിൻ്റെ പക്ഷം. ലബനനിലെ ഹിസ്ബുള്ളയ്ക്കും ഗാസയിലെ ഹമാസിനും യെമനിലെ ഹൂതികൾക്കും ടെഹ്‌റാൻ നൽകുന്ന സാമ്പത്തികവും സൈനികവുമായ പിന്തുണ ഇതിനുള്ള തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ALSO READ: ഇസ്രയേലിൻ്റെ കയ്യെത്താത്ത സ്ഥലങ്ങൾ ഇറാനില്ല; മുന്നറിയിപ്പുമായി നെതന്യാഹു
ഇസ്രയേലിൻ്റെ കയ്യെത്താത്ത സ്ഥലങ്ങളൊന്നും ഇറാനിലില്ലെന്ന് നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളുടെയെല്ലാം സ്ഥിതി ഇതാണെന്നും നെതന്യാഹു പറഞ്ഞു. ഞങ്ങൾ വിജയിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജനങ്ങൾ സുരക്ഷിതമായി തിരിച്ചെത്തുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല. ഇറാൻ്റെ പ്രീണനം അവസാനിപ്പിക്കണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു. പിന്നാലെ ഇസ്രയേൽ ലബനനിൽ വ്യോമാക്രമണം നടത്തുകയും ചെയ്തു.