ഇസ്രയേൽ വകവരുത്തമോയെന്ന ആശങ്കയാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കാത്തതിന് പിന്നിലെന്നാണ് സൂചന
ഗാസയിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന് പിൻഗാമിയായി പുതിയ മേധാവി ഉടനുണ്ടാകില്ല. പകരം ദോഹ കേന്ദ്രീകരിച്ചുള്ള അഞ്ചംഗ സമിതി ഹമാസിനെ നിയന്ത്രിക്കുമെന്ന് റിപ്പോർട്ട്. അതേസമയം ഇസ്രയേൽ വകവരുത്തമോയെന്ന ആശങ്കയാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കാത്തതിന് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞയാഴ്ചയാണ് വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് മേധാവി യഹ്യ സിൻവാർ കൊല്ലപ്പെട്ടത്. എന്നാൽ തിടുക്കത്തിൽ പുതിയ തലവനെ നിയമിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹമാസ് നേതൃത്വം. അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ട മാർച്ചു വരെ ഈ നില തുടരാനും സംഘടനയ്ക്കുള്ളിൽ ധാരണയായെന്നുമെന്നാണ് പുറത്തു വരുന്ന വിവരം.
ഹമാസിൻ്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെ ഓഗസ്റ്റിൽ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി താത്ക്കാലിക നിയന്ത്രണം ഏറ്റെടുക്കും. ഗാസയുടെയും വെസ്റ്റ് ബാങ്കിൻ്റെയും പ്രതിനിധികളായി ഖലിൽ അൽ ഹയ്യയും സഹർ ജാബറിനും പലസ്തീൻ സമൂഹത്തെ പ്രതിനിധീകരിച്ച് ഖാലിദ് മെഷാലും സമിതിയിലുണ്ട്. ഹമാസിൻ്റെ ഷുറ ഉപദേശക സമിതി തലവനായ മുഹമ്മദ് ഡാർവിഷ്, സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താത്ത രാഷ്ട്രീയ വിഭാഗം സെക്രട്ടറി എന്നിവരും അംഗങ്ങളാണ്.
നിലവിൽ ഖത്തർ കേന്ദ്രീകരിച്ചാണ് സമിതിയംഗങ്ങളുടെയെല്ലാം പ്രവർത്തനം. കൊല്ലപ്പെടുന്നതിന് മുൻപ്, ഗാസയിലുള്ള സിൻവാറുമായി ആശയ വിനിമയത്തിൽ നേരിട്ട പ്രായോഗിക ബുദ്ധമിട്ട് കണക്കിലെടുത്താണ് തീരുമാനങ്ങൾ കൈക്കൊള്ളാനായി അഞ്ചംഗ സമിതിക്ക് രൂപം നൽകിയത്. ഹമാസിൻ്റെ ഭാവി സംബന്ധിച്ച തന്ത്രപരമായ തീരുമാനങ്ങൾക്ക് പുറമേ, യുദ്ധമുഖത്തുള്ളവരുടെ നീക്കം ഇനി ഏത് തരത്തിൽ വേണമെന്നതും ഈ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. നേതൃത്വം വ്യക്തി കേന്ദ്രീകൃതമായാൽ ഇസ്രയേൽ പുതിയ മേധാവിയെയും ലക്ഷ്യമിടുമെന്ന ആശങ്ക ഹമാസിനുണ്ട്. ഇതാണ് പുതിയ തലവനെ പ്രഖ്യാപിക്കാത്തതിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.