മൻമോഹൻ സിംഗിനെ കേന്ദ്ര സർക്കാർ അപമാനിച്ചെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ്
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാരത്തെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര് മുറുകുന്നു. മൻമോഹൻ സിങ്ങിനെ കേന്ദ്ര സർക്കാർ അപമാനിച്ചെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ്. മൻമോഹൻ സിങ്ങിനായി സ്മാരകം ഒരുക്കുമെന്ന് ഉറപ്പ് നൽകിയിട്ടും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപിയും തിരിച്ചടിച്ചു.
മൻമോഹൻ സിങ്ങിൻ്റെ സംസ്കാര ചടങ്ങുകൾ നിഗംബോധ് ഘട്ടിൽ നടത്താനുള്ള കേന്ദ്ര തീരുമാനം വലിയ രാഷ്ട്രീയ സംഘർഷത്തിനാണ് തുടക്കമിട്ടത്. സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ, പ്രത്യേക സ്ഥലം ഒരുക്കാത്തതിൽ കേന്ദ്രത്തിനെതിരായ ആക്രമണം കൂടുതൽ കടുപ്പിക്കുകയാണ് കോൺഗ്രസ്. സംസ്കാര ചടങ്ങിലുടനീളം കേന്ദ്രസർക്കാർ അനാദരവ് കാണിച്ചുവെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. മുൻ പ്രധാനമന്ത്രിയെ കേന്ദ്രസർക്കാർ അവഗണിച്ചുവെന്നും രാഷ്ട്രീയത്തിനും സങ്കുചിത കാഴ്ചപ്പാടുകൾക്കുമപ്പുറം ബിജെപിക്ക് മറ്റൊരു ചിന്തയുമില്ലെന്നും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിമർശിച്ചു.
സംസ്കാര ചടങ്ങിൽ ബിജെപി നേതാക്കൾക്ക് കൂടുതൽ പ്രാധാന്യം നല്‍കിയെന്നും, മൻമോഹൻ സിങ്ങിൻ്റെ കുടുംബത്തെ വിലമതിച്ചില്ലെന്നും ആരോപിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേരയും രംഗത്തെത്തി. മറ്റ് വാർത്താ ഏജൻസികളെ സംസ്കാര ചടങ്ങുകൾ ചിത്രീകരിക്കാൻ അനുവദിക്കാതെ പ്രക്ഷേപണം ദൂർദർശനിൽ മാത്രമാക്കി. കുടുംബാഗങ്ങളെക്കാൾ കൂടുതൽ സമയം നരേന്ദ്ര മോദി, അമിത് ഷാ എന്നിവരെ കാണിച്ചു. മൻമോഹൻ സിങ്ങിൻ്റെ കുടുംബത്തിന് മുൻനിരയിൽ മൂന്ന് കസേരകൾ മാത്രമാണ് നൽകിയത്. പൊതുജനങ്ങളെ ചടങ്ങിൽ നിന്നും ഒഴിവാക്കിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസപ്പെടുത്തിയെന്നും, ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നൽകുമ്പോഴും പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ലെന്നും പവൻ ഖേര ആരോപിച്ചു.
എന്നാൽ, സ്മാരകം ഒരുക്കുമെന്ന് ഉറപ്പ് നൽകിയിട്ടും കോൺഗ്രസ് വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ബിജെപി തിരിച്ചടിച്ചു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വിലകുറഞ്ഞ രാഷ്ട്രീയം പയറ്റുകയാണെന്ന് ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ. പി. നദ്ദ വിമർശിച്ചു. ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരു നേതാവിനോടും നീതി പുലർത്താത്ത പാർട്ടിയാണ് കോൺഗ്രസ്. ജീവിച്ചിരുന്നപ്പോൾ മൻമോഹൻ സിങ്ങിനെ കോൺഗ്രസ് ബഹുമാനിച്ചില്ലെന്നും, സോണിയ ഗാന്ധിയെ 'സൂപ്പർ പിഎം' ആക്കി പ്രധാനമന്ത്രി സ്ഥാനത്തിൻ്റെ അന്തസ് കോൺഗ്രസ് കളങ്കപ്പെടുത്തിയെന്നും ജെ. പി. നദ്ദ പറഞ്ഞു.
നേരത്തെ, മൻമോഹൻ സിങ്ങിന് സ്മാരകം പണിയുന്നതുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്നായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. എന്നാൽ ഇതിനോട് കേന്ദ്രസർക്കാർ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. വിവാദം കനത്തതോടെ ഒരു ട്രസ്റ്റ് രൂപീകരിച്ച ശേഷം സ്മാരകത്തിനായി സ്ഥലം കൈമാറുമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു.