ജീവിത യാത്രയിലുണ്ടാകുന്ന മാനസിക സമ്മർദങ്ങളിൽ നിന്ന് അതിജീവിക്കാൻ ദൈവത്തിൽ വിശ്വസിക്കണമെന്നായിരുന്നു നിർമലയുടെ വാദം
യുവ ചാർട്ടേഡ് അക്കൗണ്ട് അന്നയുടെ മരണവുമായി ബന്ധപ്പെട്ട പരാമർശം വിവാദമായതോടെ മറുപടിയുമായി ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. ഇരയെ അപമാനിക്കാൻ ശ്രമിച്ചില്ലെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദിയുടെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് ധനമന്ത്രി വ്യക്തമാക്കി.
ജോലി സമ്മർദത്തെ തുടർന്ന് മരിച്ച യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് അന്നയുടെയും ഏർണസ്റ്റ് ആൻഡ് യങ് കമ്പനിയുടെയും പേര് പരാമർശിക്കാതെയായിരുന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ വിചിത്ര പരാമർശം. ജീവിത യാത്രയിലുണ്ടാകുന്ന മാനസിക സമ്മർദങ്ങളിൽ നിന്ന് അതിജീവിക്കാൻ ദൈവത്തിൽ വിശ്വസിക്കണമെന്നായിരുന്നു നിർമലയുടെ വാദം. മാനസിക സമ്മർദം അതിജീവിക്കുന്നതെങ്ങനെയെന്ന് കുടുംബം പഠിപ്പിക്കേണ്ടതാണെന്നും, ദൈവികതയിലൂടെ മാത്രമേ അതിൽ നിന്ന് കര കേറാനാകൂ എന്നുമായിരുന്നു നിർമല സീതാരാമൻ പറഞ്ഞത്.
Also Read: സമ്മർദം നേരിടാൻ വീടുകളിൽ നിന്നും പഠിപ്പിക്കണം: അന്നയുടെ മരണത്തിൽ വിവാദ പരാമർശവുമായി നിർമല സീതാരാമൻ
ധനമന്ത്രിയുടെ വാക്കുകൾ വിവാദമായതിനെ തുടർന്ന് നിർമല സീതാരാമൻ ഇരയെ അപമാനിക്കുകയാണെന്നാരോപിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തി. കോർപറേറ്റ് ചൂഷണങ്ങളെ നിസാരവത്കരിക്കുകയാണ് ധനമന്ത്രിയെന്നും യുവ പ്രൊഫഷണലുകളുടെ ദുരവസ്ഥയോട് ബിജെപി സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്നും കെസി വേണുഗോപാൽ ആരോപിച്ചു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസും നിർമലാ സീതാരാമൻ്റെ പ്രതികരണം ഹൃദയശൂന്യമെന്ന് മന്ത്രി എംബി രാജേഷും വിമർശിച്ചു.
ഇതോടെയാണ് നിർമല സീതാരാമൻ എക്സിലൂടെ മറുപടി നൽകിയത്. ഇരയെ അപമാനിക്കാൻ ശ്രമിച്ചില്ലെന്ന് നിർമല എക്സിൽ കുറിച്ചു. മോശം ചുറ്റുപാടുകളിൽ വിദ്യാർഥികൾ ആന്തരിക ശക്തി വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചാണ് സംസാരിച്ചത്. അന്നയുടെ മരണത്തിന് കാരണമായ ഇവൈ കമ്പനിയിലെ ചൂഷണാത്മക തൊഴിൽ സംസ്കാരത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.