പൊലീസ് വിവരമറിഞ്ഞതിന് ശേഷമാണ് കോളജ് പ്രിൻസിപ്പൽ ഇക്കാര്യം അറിഞ്ഞതെന്നാണ് മൊഴിയിലെ വൈരുധ്യം
കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നൽകിയ മൊഴിയിൽ മാറ്റമില്ലാതെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്. വിദ്യാർഥിയുടെ കൊലപാതകം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് സംഭവം അറിഞ്ഞതെന്നാണ് സന്ദീപ് ഘോഷിൻ്റെ മൊഴി . പൊലീസ് വിവരമറിഞ്ഞതിന് ശേഷമാണ് കോളേജ് പ്രിൻസിപ്പൽ ഇക്കാര്യം അറിഞ്ഞതെന്നാണ് മൊഴിയിലെ വൈരുധ്യം. കഴിഞ്ഞ 18 ദിവസമായുള്ള ചോദ്യം ചെയ്യലിൽ ഇതേ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് സന്ദീപ് ഘോഷ്. അന്വേഷണസംഘം രണ്ട് തവണ സന്ദീപ് ഘോഷിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിട്ടുണ്ട്. ഇനിയും ടെസ്റ്റ് നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
അതേസമയം സംഭവത്തിലെ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്തി മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ ശിക്ഷാ നിയമത്തിൽ മാറ്റം വരുത്തുക, പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധ ധർണ. ഞായറാഴ്ച സ്ത്രീകളോട് പ്രതിഷേധിക്കാനും മമത ആവശ്യപ്പെട്ടു. കൊലപാതകത്തിൽ പ്രതിഷേധം തുടരുന്നതിനിടയിലാണ് മമതയുടെ നേതൃത്വത്തിൽ പ്രതിഷേധം.
READ MORE: "സ്ത്രീകൾക്ക് നീതി ലഭിക്കണമെങ്കിൽ രാജ്യത്ത് കോടതി വിധികൾ വേഗത്തിൽ നടപ്പാക്കണം"
സംസ്ഥാന സർക്കാരിനെതിരെ 7 ദിവസ ധർണ നടത്താൻ ബി.ജെ.പിയും ആഹ്വാനം ചെയ്തു. പ്രതിഷേധക്കാരായ വിദ്യാർഥികളോട് സ്വേച്ഛാധിപത്യ മനോഭാവം പുലർത്തുന്ന മമത കൊലപാതകത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു. ഡോക്ടർക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഐഎംഎയും പ്രതിഷേധങ്ങൾ തുടരുകയാണ്.
READ MORE: ശ്വാസകോശ അണുബാധ: സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്