യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് ജുഡീഷ്യല്‍ വിലക്ക് ഏര്‍പ്പെടുത്തി സുപ്രീം കോടതി. സ്ഥലം മാറിയെത്തുന്ന യശ്വന്ത് വര്‍മയ്ക്ക് ഔദ്യോഗിക ഉത്തരവാദിത്തങ്ങളൊന്നും ഏല്‍പ്പിക്കരുതെന്നാണ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഡല്‍ഹി, ഗുജറാത്ത്, കേരളം, കര്‍ണാടക, ലഖ്നൗ, പ്രയാഗ്രാജ് എന്നിവയുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാര്‍ അസോസിയേഷന്‍ മേധാവികളുമായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം യശ്വന്ത് വര്‍മയെ സ്ഥലം മാറ്റാനുള്ള ഉത്തരവിന് കേന്ദ്രം പച്ചക്കൊടി കാണിച്ചത്.
യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അലഹബാദ് ഹൈക്കോടതി ചവറ്റുകൊട്ടയല്ലെന്ന് അഭിഭാഷകര്‍ പ്രതികരിച്ചു.
ഔദ്യോഗിക വസതിയില്‍ അനധികൃത പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്.
പണം കണ്ടെത്തിയതില്‍ തനിക്ക് പങ്കില്ലെന്നാണ് ജസ്റ്റിസ് വര്‍മയുടെ വാദം. യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. കത്തിയമര്‍ന്ന നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ വീഡിയോ കണ്ട് ഞെട്ടിയെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നുമാണ് ജസ്റ്റിസ് വര്‍മയുടെ വാദം.
മാര്‍ച്ച് 14 ന് രാത്രി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിനിടെയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്.
സംഭവത്തില്‍ സുപ്രിംകോടതി, മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താനും കൊളീജിയം നിര്‍ദേശിച്ചിരുന്നു.