പുനര്‍വിവാഹത്തിന് അനുവദിക്കാത്തതിന്റെ പേരില്‍ 52 വയസ്സുള്ള മകനെ വെടിവെച്ച് കൊന്ന് എണ്‍പതുകാരന്‍. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. റാംഭായ് ബൊറീച്ച എന്നയാളാണ് മകനെ വെടിവെച്ച് കൊന്നത്. ഇയാളുടെ മകന്‍ പ്രഭാത് ബൊറീച്ചയാണ് കൊല്ലപ്പെട്ടത്.
പ്രഭാതിന്റെ ഭാര്യയുടെ പരാതിയിലാണ് റാംഭായിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യഘട്ടത്തില്‍ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് പിതാവ് മകനെ കൊന്നതെന്നായിരുന്നു പൊലീസ് കരുതിയിരുന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് പുനര്‍വിവാഹിതനാകാനുള്ള താത്പര്യം മകന്‍ എതിര്‍ത്തതാണ് കൊലപാതക കാരണം എന്ന് വ്യക്തമായത്.
ALSO READ: വീണ്ടും നരബലി? ഗുജറാത്തിൽ നാലു വയസുകാരിയെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി
ഇരുപത് വര്‍ഷം മുമ്പാണ് രാംഭായിയുടെ ഭാര്യ മരണപ്പെടുന്നത്. വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചതിനു പിന്നാലെ വീട്ടില്‍ പതിവായി തര്‍ക്കമുണ്ടായിരുന്നതായി മകന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു. നേരത്തേയും റാംഭായ് ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സ്ത്രീയുടെ പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. രാവിലെ അച്ഛന് ചായ നല്‍കി തിരിച്ചു വരുമ്പോള്‍ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. പിന്നെ കേള്‍ക്കുന്നത് വെടിയൊച്ചയാണ്. ഓടിച്ചെന്നപ്പോള്‍ മുറിയുടെ വാതില്‍ പൂട്ടിയിരിക്കുകയായിരുന്നു. വാതില്‍ തുറന്ന് തോക്കുമായി വന്ന റാംഭായ് തന്നേയും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഓടിരക്ഷപ്പെടുകയായിരുന്നുവെന്നുമാണ് സ്ത്രീയുടെ പരാതിയിലുള്ളത്.
പിന്നീട് മകനൊപ്പം തിരിച്ചു വന്നപ്പോഴാണ് ഭര്‍ത്താവ് ചോരയില്‍ കുളിച്ച് മരിച്ച് കിടക്കുന്നത് കാണുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രഭാത് ബൊറീച്ചയുടെ പരാതിയില്‍ റാംഭായിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.