മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാരിയർ സൊസൈറ്റി എന്ന ചാരിറ്റബിൾ സംഘമാണ് പരാതി നൽകിയത്. പറവൂരിലെ 42 പരാതികളിൽ രജിസ്റ്റർ ചെയ്ത കേസിൽ അനന്തു കൃഷ്ണനൊപ്പം ജനസേവ ട്രസ്റ്റിന്റെ ചെയർമാൻ ഡോക്ടർ മധുവിനെയും പ്രതി ചേർത്തു.
പകുതി വില തട്ടിപ്പ് കേസിൽ കമ്പനികളോട് വിവരങ്ങൾ തേടാനൊരുങ്ങി പൊലീസ്. CSR നൽകുമെന്ന് അനന്തു കൃഷ്‌ണൻ പറഞ്ഞ കമ്പനികളെ പൊലീസ് ബന്ധപ്പെടും. കുന്നത്തുനാടിലെ 130 പേരുടെ പരാതിയിൽ ഒരു FIR കൂടി രജിസ്റ്റർ ചെയ്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാരിയർ സൊസൈറ്റി എന്ന ചാരിറ്റബിൾ സംഘമാണ് പരാതി നൽകിയത്. പറവൂരിലെ 42 പരാതികളിൽ രജിസ്റ്റർ ചെയ്ത കേസിൽ അനന്തു കൃഷ്ണനൊപ്പം ജനസേവ ട്രസ്റ്റിന്റെ ചെയർമാൻ ഡോക്ടർ മധുവിനെയും പ്രതി ചേർത്തു. എന്നാൽ CSR ഫണ്ട് തന്നെയാണെന്നും, പണം തിരികെ നൽകുമെന്നും ആവർത്തിക്കുകയാണ് അനന്തു കൃഷ്‌ണൻ.
കേരളത്തിൽ ഏറ്റവും വലിയ ചർച്ചയായി കൊണ്ടിരിക്കുന്ന വിഷയമാണ് പകുതി വില തട്ടിപ്പ് കേസ്. കേരളത്തിലങ്ങോളമിങ്ങോളം നിരവധി കേസുകളാണ് ഓരോമണിക്കൂറിലും രജിസ്റ്റർ ചെയ്യുന്നത്. പകുതി വലയിൽ സ്കൂട്ടറും ഗൃഹോപകരണങ്ങളും, ലാപ്ടോപ്പുമെല്ലാം വാഗ്ദാനം ചെയ്ത് നിരവധിപ്പേരെ തട്ടിപ്പിനിരയാക്കിയ അനന്തു കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി തൃശൂരിലെ സീഡ് സൊസൈറ്റി കോഡിനേറ്റർ വിജി ശശിയും രംഗത്തെത്തിയിരുന്നു.
മൂവാറ്റുപുഴയിൽ ആദ്യ യോഗം ചേർന്നപ്പോൾ മുതൽ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞതാണ് തങ്ങളെയും കെണിയിൽ പെടുത്താനുണ്ടായ കാരണമെന്നും വിജി പറഞ്ഞു. മരടിലെ ഹോട്ടലിൽ നടന്ന എൻജിഒകളുടെ ശില്പശാലയിൽ പങ്കെടുത്തവർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു, അവിടെയും പ്രമുഖരായ ആളുകൾ പങ്കെടുത്തിരുന്നുവെന്നും വിജി ശശി ചൂണ്ടിക്കാട്ടി. ഗുണഭോക്താക്കൾക്കൊപ്പം തട്ടിപ്പിനിരയായ തങ്ങളും പ്രതിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗുണഭോക്താക്കളും അനന്തു കൃഷ്ണനും നേരിട്ട് ഇടപാട് നടത്തിയ കേസിലാണ് തങ്ങൾ പ്രതിസ്ഥാനത്ത് ഉള്ളതെന്നും, അനന്തുവിൻ്റെ സൊസൈറ്റിയുടെ നിർവഹണ ഏജൻസിയായി മാത്രമാണ് സീഡ് പ്രവർത്തിച്ചതെന്നും വിജി ശശി വെളിപ്പെടുത്തി.
സീഡ് ചെയ്തിരുന്ന കാര്യങ്ങൾക്ക് സർവീസ് ചാർജ് എന്നുള്ള നിലയ്ക്ക് മാത്രമാണ് ചെറിയൊരു തുക സൊസൈറ്റിക്ക് ലഭിക്കുന്നത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ തങ്ങൾ സ്വന്തം നിലയിൽ ഉപഭോക്താക്കൾക്ക് ഈ പണം തിരികെ നൽകി വരികയാണെന്നും വിജി പറഞ്ഞു.ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാത്ത പരാതിക്കാർ പോലും തങ്ങളെയും പ്രതിയാക്കുന്നുവെന്ന ആരോപണവും വിജി ഉന്നയിച്ചു. "വഞ്ചിക്കപ്പെട്ടവർക്ക് ഒപ്പം തങ്ങളും തട്ടിപ്പിന് ഇരയായിരിക്കുകയാണ്. ഗുണഭോക്താക്കൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നതും പൈസ നൽകിയതും അനന്തു കൃഷ്ണനാണ്, അപ്പോൾ വഞ്ചന നടത്തിയതും അനന്തു കൃഷ്ണൻ ആണ് അയാളാണ് ഒന്നാംപ്രതി ആവേണ്ടത്" വിജി പറഞ്ഞു.
ഓരോ ദിവസം കഴിയുംതോറും തട്ടിപ്പിനെ പറ്റിയുള്ള നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. സാധാരണക്കാരയ മനുഷ്യരിൽ നിന്നും ആയിരം കോടിയിലധികം രൂപയാണ് സൂത്രധാരന്മാർ തട്ടിയത്. എന്‍ജിഒകളുടെ കോണ്‍ഫെഡറേഷന്‍ നേതാവെന്ന് കളവ് പ്രചരിപ്പിച്ചാണ് പ്രതി അനന്തു കൃഷ്ണന്‍ തട്ടിപ്പിനുള്ള കെണിയൊരുക്കിയത്. എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷണല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ ചെറു കൂട്ടായ്മകളേയും സ്വയം സഹായ സംഘടനകളേയും വിശ്വസിപ്പിച്ചു.
സംസ്ഥാനത്തുടനീളം വിപുലമായ മേളകള്‍ സംഘടിപ്പിച്ചായിരുന്നു വിശ്വാസ്യത നേടിയെടുത്തത്. തട്ടിപ്പിനായി 62 സീഡ് സൊസൈറ്റികളാണ് ഇയാൾ രൂപീകരിച്ചത്. രാഷ്ട്രീയ നേതാക്കളുടെ സൗഹൃദവും സാന്നിധ്യവുമായിരുന്നു തട്ടിപ്പിന് വൻമുതൽക്കൂട്ടായി. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കും എന്നായിരുന്നു പ്രധാന വാഗ്ദാനം. വിമന്‍ ഓണ്‍ വീല്‍സ് എന്നായിരുന്നു പദ്ധതിയുടെ പേര്. പകുതി പണം നേരിട്ട് അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്ക് അയക്കണം. ബാക്കി തുക സിഎസ്ആര്‍ ഫണ്ടില്‍ നിന്നും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ നിന്നും എത്തുമെന്ന് വാഗ്ദാനം. ഇത് വിശ്വസിച്ച ആയിരക്കണക്കിന് സ്ത്രീകള്‍ സ്‌കൂട്ടറിന്റെ പകുതി പണം പ്രതിയുടെ മൂന്ന് അക്കൗണ്ടുകളിലായി അയച്ചുനല്‍കി. ഇങ്ങനെ അന്തു കൃഷ്ണൻ്റെ അക്കൗണ്ടിലെത്തിയത് 400കോടിയോളം രൂപയാണ്. പണം നൽകിയിട്ടും വണ്ടി കിട്ടാത്തതിനെ തുടർന്ന് ആളുകൾ പരാതിയുമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്തുവരുന്നത്.