സിപിഎമ്മിൻ്റെ എതിർപ്പ് യോഗത്തിൽ എഴുതി നൽകിയെന്ന് ജെപിസിയിലെ ഏകമലയാളി അംഗം കെ. രാധാകൃഷ്ണൻ എംപി അറിയിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിശോധിക്കുന്ന ജോയിന്‍റ് പാർലമെന്‍റ് കമ്മിറ്റിയുടെ (ജെപിസി) ആദ്യയോഗം അവസാനിച്ചു. ജെപിസി യോഗത്തിൽ പ്രതിപക്ഷം എതിർപ്പ് അറിയിച്ചു. സിപിഎമ്മിൻ്റെ എതിർപ്പ് യോഗത്തിൽ എഴുതി നൽകിയെന്ന് ജെപിസിയിലെ ഏകമലയാളി അംഗം കെ. രാധാകൃഷ്ണൻ എംപി അറിയിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച പൊതുവായ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് പിന്നീട് സമർപ്പിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള നീക്കങ്ങൾ ദീർഘകാലമായുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ബിൽ പാർലമെന്റിൽ കൊണ്ടുവന്നത്. ജനാധിപത്യ സംവിധാനങ്ങൾ പൂർണമായും അട്ടിമറിക്കുന്നതാണ് ബിൽ. ഭാവിയിൽ രാജ്യം പ്രസിഡൻഷ്യൽ സംവിധാനത്തിലേക്ക് പോകുമെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടേണ്ടതുണ്ടെന്ന് ജെപിസി നിരീക്ഷിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഈ ആശയം എന്ന് കോൺഗ്രസ് അംഗം പറഞ്ഞു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ബില്ല് നിഷേധിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് പ്രിതിനിധിയും ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ടുകൾ.
Also Read: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയിടാൻ ഐടി വകുപ്പ്; 24x7 കൺട്രോൾ റൂം തുറന്നു
ഭരണഘടന (129-ാം ഭേദഗതി) ബില്ലും കേന്ദ്രഭരണ പ്രദേശ നിയമ (ഭേദഗതി) ബില്ലും ശൈത്യകാല സമ്മേളനത്തിൽ ലോക്‌സഭയിൽ അവതരിപ്പിച്ച ശേഷം പരിശോധനയ്ക്കായി ജെപിസിക്ക് കൈമാറുകയായിരുന്നു. ബിജെപി എംപി പി.പി. ചൗധരിയാണ് 39 അംഗ ജോയിന്റ് പാർലമെന്റ് കമ്മിറ്റിയെ നയിക്കുന്നത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ജെഡിയുവിൽ നിന്ന് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, എഎപിയുടെ സഞ്ജയ് സിംഗ്, തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി എന്നിവരാണ് മറ്റ് പ്രധാന അംഗങ്ങൾ. മുൻ കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂർ, പുരുഷോത്തം രൂപാല, മനീഷ് തിവാരി, അനിൽ ബലൂനി, ബൻസുരി സ്വരാജ്, സംബിത് പത്ര എന്നിവരുൾപ്പെടെ നിരവധി നിയമസഭാംഗങ്ങളും കമ്മിറ്റിയിൽ അംഗങ്ങളാണ്.
ഒരേസമയം രാജ്യത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച രണ്ട് കരട് നിയമനിർമാണങ്ങൾ പരിശോധിക്കുന്ന പ്രക്രിയയിൽ ഭാഗമാകാൻ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് കമ്മിറ്റിയുടെ അംഗസംഖ്യ 31ൽ നിന്ന് 39 ആയി ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. ലോക്‌സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമാണ് പാനലിലുള്ളത്.