ഹംസ നിരവധി ബിരുദങ്ങളാണ് അധ്യാപക ജോലിക്കിടെ സ്വന്തമാക്കിയിട്ടുള്ളത്
അറുപത്തിരണ്ടാം വയസിൽ അഭിഭാഷകനായതിന്റെ സന്തോഷത്തിലാണ് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ ഹംസ. പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം മനസിൽ സൂക്ഷിക്കുന്ന ഹംസ നിരവധി ബിരുദങ്ങളാണ് അധ്യാപക ജോലിക്കിടെ സ്വന്തമാക്കിയിട്ടുള്ളത്.
ALSO READ: നിങ്ങള്‍ ഒരു ഫോണ്‍ അഡിക്ട് ആണോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ...
ഈസ്റ്റ് ഒറ്റപ്പാലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപകനാണ് ഹംസ. 2018 മാർച്ചിലാണ് ജോലിയിൽ നിന്നും വിരമിച്ചത്. എന്നാൽ വിദ്യാർഥികളെ പഠിപ്പിക്കുക എന്നതിനൊപ്പം പഠിക്കുകയെന്നതും ഹംസയുടെ ജീവിത ശൈലിയാണ്. പ്രീ ഡിഗ്രിയും ടിടിസിയും കഴിഞ്ഞ് അധ്യാപകനായി ജോലിയിൽ കയറിയ ഹംസ, പഠനം തുടർന്നു. മുപ്പത്തിയേഴാം വയസിൽ ഡിഗ്രി എടുത്തു. പിന്നീട് ബിരുദാനന്തര ബിരുദവും, ബി. എഡും, സെറ്റും തുടങ്ങി നിരവധി കോഴ്സുകൾ പൂർത്തിയാക്കി. ഇപ്പോൾ അഭിഭാഷക പരീക്ഷയും പാസായി. ലോ അക്കാദമിയിൽ 2021 -24 കാലയളവിൽ റെഗുലർ വിദ്യാർഥിയായി പഠിച്ചാണ് എൽ എൽ ബി പാസായത്. കേരള ഹൈക്കോടതിയിലെ കേരള ബാർ കൗൺസിലിൽ എൻറോൾമെന്റും പൂർത്തിയാക്കി.
ഒറ്റപ്പാലം ബാർ അസോസിയേഷനിൽ അംഗത്വം ലഭിച്ചതോടെ ഫാമിലി കണക്റ്റിംഗ് മീഡിയേറ്റർ എന്ന നിലയിൽ പ്രവർത്തനത്തിന് തുടക്കം ഇട്ടു. ഇതിനെല്ലാം പുറമെ കൃഷിയോടുള്ള ഇഷ്ടവുമുണ്ട്. രണ്ടേക്കറോളം വരുന്ന സ്ഥലത്ത് തെങ്ങും കവുങ്ങും കുരുമുളകും തുടങ്ങി എല്ലാമുണ്ട്. പഠിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ, പ്രായം ഒന്നിനും ഒരു തടസമല്ലെന്നാണ് ഹംസയ്ക്ക് പറയാനുള്ളത്.