fbwpx
സിപിഎമ്മിലെ വനിതാ പ്രാതിനിധ്യം: കുറവ് ഒറ്റയടിക്ക് മാറുന്നതല്ലല്ലോ; ആത്മപരിശോധന നടത്തുന്ന വിഷയം; കാന്തപുരത്തിന് പി. മോഹനന്റെ മറുപടി
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Jan, 2025 03:26 PM

എം.വി. ഗോവിന്ദന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ 18 ഏരിയ സെക്രട്ടറിമാര്‍ ഉള്ളതില്‍ ഒരു സ്ത്രീ പോലും ഇല്ലെന്നായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനം.

KERALA


സിപിഎമ്മിലെ വനിതാ പ്രാതിനിധ്യത്തെ വിമര്‍ശിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. സ്ത്രീ പ്രാതിനിധ്യം ഒറ്റയടിക്ക് മാറുന്നതല്ലല്ലോ എന്നും മാറ്റത്തിനായി ശ്രമിക്കുകയാണെന്നും പി. മോഹനന്‍ പറഞ്ഞു. എം.വി. ഗോവിന്ദന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ 18 ഏരിയ സെക്രട്ടറിമാര്‍ ഉള്ളതില്‍ ഒരു സ്ത്രീ പോലും ഇല്ലെന്നായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനം.

സ്ത്രീ പ്രാതിനിധ്യമില്ലാത്തത് പാര്‍ട്ടി തന്നെ ആത്മപരിശോധന നടത്തുന്ന വിഷയമാണ്. ജില്ലാ കമ്മിറ്റിയില്‍ സ്ത്രീ പ്രാതിനിധ്യം പ്രതീക്ഷിക്കാമെന്നും പി. മോഹനന്‍ പറഞ്ഞു. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം ഉണ്ടാകും. കാന്തപുരം ആദരണീയനായ വ്യക്തിത്വമാണെന്നും കാന്തപുരത്തിന്റെ പ്രസ്ഥാനം സ്വീകരിക്കുന്ന നിലപാടുകള്‍ മത ധ്രുവീകരണ ശക്തികള്‍ക്ക് എതിരാണെന്നും പി. മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മുസ്ലീം ലീഗിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കോലീബി സഖ്യത്തിന്റെ കാലത്ത് പോലും ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടായിരുന്നില്ല. എസ്ഡിപിഐയുമായും കൈകോര്‍ത്തു. ഇത് സംഘപരിവാര്‍ ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: മതകാര്യങ്ങളിൽ മുസ്ലീം പണ്ഡിതന്മാർ ഉപദേശം നൽകും, മതവിശ്വാസമില്ലാത്തവർ അതില്‍ അഭിപ്രായം പറയേണ്ട; കാന്തപുരത്തെ പിന്തുണച്ച് സത്താർ പന്തല്ലൂർ


മുസ്ലിം ലീഗ് നയരൂപീകരണത്തില്‍ പോലും ഇടപെടാന്‍ ജമാഅത്തെ ഇസ്ലാമിക്കാകുന്നു. ഇത് ഗൗരവമായി ആലോചിക്കണം. സംഘപരിവാറിനെയും ജമാഅത്തെ അടക്കമുള്ള വര്‍ഗീയ സംഘടനകളെയും ഒരുമിച്ചു എതിര്‍ക്കുന്നതാണ് സിപിഎം നിലപാടെന്നും മോഹനന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. അവര്‍ വോട്ട് ചെയ്തിട്ടുണ്ടോ എന്ന് ഗവേഷണം നടത്തിയിട്ടില്ല. മെക് സെവനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. പൊതു ഇടങ്ങളില്‍ ജമാഅത്തെ ഇസ്ലാമി ഇടപെടുന്നത് മത രാഷ്ട്രവാദം നടത്തുന്നതിനാണ് എന്നാണ് താന്‍ പറഞ്ഞത്. മെക് സെവനില്‍ ജമാഅത്തെ ഇസ്ലാമി നുഴഞ്ഞു കയറാനുള്ള സാധ്യത ഉണ്ട് എന്നാണ് പറഞ്ഞതെന്നും പി. മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിനിടെയാണ് എം.വി. ഗോവിന്ദന്‍ കാന്തപുരത്തിനെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ചത്. പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാട് ആണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല എന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ വിമര്‍ശനം.


ALSO READ: കായികമേളയില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി പിന്‍വലിക്കും, തീരുമാനം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ: വി. ശിവന്‍കുട്ടി


ഇതിന് പിന്നാലെയാണ് എം.വി. ഗോവിന്ദന് മറുപടിയായി കാന്തപുരം രംഗത്തെത്തിയത്. ഇസ്ലാമിന്റെ നിയമം എന്താണ് വേണ്ടതെന്ന് പണ്ഡിതന്മാര്‍ പറയും. അത് അവര്‍ക്ക് വിട്ടു കൊടുക്കണം. എം.വി. ഗോവിന്ദന്റെ ജില്ലയില്‍ 18 ഏരിയ സെക്രട്ടറിമാരുള്ളതില്‍  ഒരു സ്ത്രീ പോലും ഇല്ലെന്നും എന്തുകൊണ്ടാണ് അവിടെ ഒന്നും സ്ത്രീകളെ പരിഗണിക്കാത്തത് എന്നും കാന്തപുരം ചോദിച്ചു.

മെക് സെവന്‍ വ്യായാമത്തിനെതിരെ നേരത്തെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. പുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്നുകൊണ്ടുള്ള ഏത് പദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു എം.വി. ഗോവിന്ദന്റെ പരോക്ഷ വിമര്‍ശനം.

വ്യായാമത്തിലൂടെ സ്ത്രീകള്‍ ശരീരം തുറന്നു കാണിക്കുന്നു. സ്ത്രീ അന്യപുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നുവെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു.

KERALA
20 മണിക്കൂർ നീണ്ട രക്ഷാദൗത്യം; മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിച്ചു
Also Read
user
Share This

Popular

KERALA
KERALA
20 മണിക്കൂർ നീണ്ട രക്ഷാദൗത്യം; മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിച്ചു