ഇടതുപക്ഷ രാഷ്ട്രീയത്തിന് പാലക്കാടൻ മണ്ണിൽ എത്രത്തോളം തിരിച്ചുവരവിനുള്ള ശക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ് റോഡ് ഷോയിൽ അണിനിരന്ന ജനക്കൂട്ടമെന്നും സരിൻ പറഞ്ഞു
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പാലക്കാട് ഇടതു സ്വതന്ത്ര സ്ഥാനാർഥി പി. സരിൻ. അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമാണിത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് വിങ്ങിപ്പൊട്ടിക്കൊണ്ട് ചില സത്യങ്ങൾ വിളിച്ചു പറഞ്ഞില്ലേ. പ്രകോപിപ്പിക്കരുത്. എത്രയോ പ്രവർത്തകട ഇപ്പോഴും അമർഷം കടിച്ചമർത്തിക്കൊണ്ട് കോൺഗ്രസ് കൂടാരത്തിൽ ഉണ്ട്. അവരെ വെറുതെ വലിച്ച് നിങ്ങളായിട്ട് തന്നെ പുറത്തിടരുത്. കഴിയുമെങ്കിൽ ജനാധിപത്യ രീതിയിൽ നിങ്ങൾ തന്നെ മെച്ചപ്പെടുത്തണം എന്നതായിരുന്നു ആദരവോടെയും ബഹുമാനത്തോടെയും ഞങ്ങൾ കോൺഗ്രസ് ക്യാമ്പിനോട് പറഞ്ഞത്. എന്നിട്ടും പഠിക്കുന്നില്ലായെങ്കിൽ ആ രാഷ്ട്രീയ ജീർണത എന്താണെന്ന് പാലക്കാടൻ ജനത കേരളത്തിനു മുന്നിൽ തുറന്നുകാട്ടുമെന്നും സരിൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയ്ക്കിടെയായിരുന്നു സരിൻ്റെ പ്രതികരണം. ഇടതുപക്ഷ രാഷ്ട്രീയത്തിന് പാലക്കാടൻ മണ്ണിൽ എത്രത്തോളം തിരിച്ചുവരവിനുള്ള ശക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ് റോഡ് ഷോയിൽ അണിനിരന്ന ജനക്കൂട്ടമെന്നും സരിൻ പറഞ്ഞു.
ALSO READ: കോൺഗ്രസിൽ ഇനി ഉണ്ടാവുക പ്രാണികളുടെ ഘോഷയാത്ര: മുഹമ്മദ് റിയാസ്
ഇടത് സ്വതന്ത്ര സ്ഥാനാർഥിയായ പി. സരിനെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. കോൺഗ്രസ് വിട്ട് ഇടതുമുന്നണിയിലേക്കെത്തിയ സരിനെ സ്വീകരിക്കാൻ യാതൊരു മടിയുമില്ലെന്ന് വിളിച്ചോതുന്ന തരത്തിലുള്ള റോഡ് ഷോയാണ് പാലക്കാട് അണിനിരന്നത്. 'സരിൻ എന്ന വ്യക്തിയല്ല, പ്രസ്ഥാനം മുന്നിൽ വെച്ച സ്ഥാനാർഥിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പ്രവർത്തിക്കും, വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നാണ് മുന്നണി പ്രവർത്തകർ ഒന്നടങ്കം പറയുന്നത്. ഡിവൈഎഫ്ഐ നേതാക്കളായ വി. വസീഫിനും വി. കെ. സനോജിനും ഒപ്പമായിരുന്നു വിക്ടോറിയ കോളേജ് മുതൽ കോട്ടമൈതാനം വരെയുള്ള റോഡ് ഷോ.