fbwpx
2024 - സംഘർഷങ്ങളുടെയും പലായനങ്ങളുടെയും വർഷം
logo

ശ്രീജിത്ത് എസ്

Last Updated : 29 Dec, 2024 06:58 PM

2024 ഒക്ടോബർ 7നാണ് ഗാസയിലെ ഇസ്രയേൽ യുദ്ധത്തിന് ഒരാണ്ട് തികഞ്ഞത്

WORLD IN 2024


മനുഷ്യത്വരഹിതമായ അരുംകൊലകളും പലായനങ്ങളും കണ്ട വർഷമായിരുന്നു 2024. പശ്ചിമേഷ്യയിലും യുക്രെയ്‌നിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലും നിരവധി സംഘർഷ ഭൂമികള്‍ ഉടലെടുത്തു. അവിടങ്ങളിൽ മരിച്ചുവീണവരുടെ കണക്കുകളിൽ പോലും കൃത്യതയില്ല. Armed conflict location and event data, പ്രകാരം 2,33,000 പേരാണ് ഈ വർഷം യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത്. എന്നാൽ, മൃതദേഹം പോലും വീണ്ടെടുക്കാൻ സാധിക്കാത്ത വിധം ഗാസയിലെ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരുടെ കണക്കുകൾ ഇതിൽ പെടുന്നില്ല. ആഫ്രിക്കൻ രാജ്യങ്ങളിലെ തീരാത്ത ആഭ്യന്തര സംഘർഷങ്ങളിൽ മരിച്ചു വീഴുന്നവരും ഈ കണക്കുകൾക്ക് പുറത്താണ്. പക്ഷെ അവരുടെ അടയാളങ്ങൾ ഒരു കളങ്കം പോലെ എല്ലാക്കാലത്തും മനുഷ്യരാശിക്ക് മേൽ പടർന്നിരിക്കും.



2024 ഒക്ടോബർ 7നാണ് ഗാസയിലെ ഇസ്രയേൽ യുദ്ധത്തിന് ഒരാണ്ട് തികഞ്ഞത്. ജൂത രാഷ്ട്രം കെട്ടിപടുക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങൾ ഗാസയിൽ മാത്രം ഒതുങ്ങുന്നില്ല. പലസ്തീൻ ദേശീയതയ്ക്ക് വേണ്ടി പോരാടുന്ന ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ലബനനിലെ ഹിസ്‌ബുള്ളയുമായും യെമനിലെ ഹൂതികളുമായും ഇസ്രയേൽ ഏറ്റുമുട്ടി.



ഗാസയിലേത് ഹമാസിനെതിരെയുള്ള പോരാട്ടമാണെന്ന് പറയുമ്പോഴും ദിനംപ്രതി ഈ പോരിൽ കൊല്ലപ്പെടുന്നത് ആയിരക്കണക്കിന് സാധാരണക്കാരാണ്. അതിലും ഏറെപ്പേരാണ് സ്വന്തം ഭൂമിയിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാകുന്നത്. 45,000ൽ അധികം ആളുകളാണ് 14 മാസത്തിനിടയ്ക്ക് ​ഗാസയിൽ കൊല്ലപ്പെട്ടത്. അതിൽ 14,500 പേ‍ർ യുവാക്കളാണ്. അഭയാർഥി ക്യാംപുകളിലും ആശുപത്രികളിലും വെച്ചാണ് ഇവർ കൊല്ലപ്പെട്ടത് എന്നത് ആക്രമണത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു.



Also Read: ലോകനേതാക്കളുടെ വാഴ്ചയും വീഴ്ചയും കണ്ട 2024


ഇസ്രയേലിന്റെ ഇടതടവില്ലാത്ത ഇത്തരം വ്യോമാക്രമണങ്ങളിൽ ഹമാസിന് അവരുടെ നേതൃനിര തന്നെ നഷ്ടമായ വ‍ർഷമാണിത്. ഹമാസ് തലവൻ ഇസ്മയിൽ ഹാനിയ, മുഹമ്മദ് ദെയ്ഫ്, മർവാൻ ഇസ, ഫതാ ഷരീഫ് എന്നിവ‍ർ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇസ്മയിൽ ഹാനിയയെ ഇറാനിൽ വെച്ചാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ ഹമാസിന് പിന്തുണ നല്‍കുകയും ലബനൻ അതിർത്തിയിൽ കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന ഹിസ്ബുള്ളയിലേക്ക് ഇസ്രയേൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കൃത്യമായി ആസൂത്രണം ചെയ്ത വാക്കീ ടോക്കി സ്ഫോടനത്തിൽ ആയിരക്കണക്കിന് ഹിസ്ബുള്ള പ്രവ‍ർത്തകരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയും കൊല്ലപ്പെട്ടതോടെ സംഘർഷങ്ങൾക്ക് പുതിയ മാനം വന്നു. വ‍ർഷങ്ങൾ നീണ്ട ഇറാൻ-ഇസ്രയേൽ ശീതയുദ്ധം പ്രത്യക്ഷ ആക്രമണങ്ങളിലേക്ക് കടന്നു.



ഇറാൻ ഇസ്രയേലിലേക്ക് 180ഓളം മിസൈലുകളാണ് തൊടുത്തത്. മറുപടിയായി തെഹ്റാനിലേക്ക് ഇറാനും മിസൈൽ ആക്രമണങ്ങൾ നടത്തി. ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന ആവസ്ഥ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടേക്കാം എന്ന അഭ്യൂഹം. വലിയ തോതിലുള്ള യുദ്ധം എന്ന നിലയിലേക്ക് ആക്രമണങ്ങൾ വികസിച്ചില്ലെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും പശ്ചിമേഷ്യയിൽ നിലനിൽക്കുന്നു. സിറിയ അതിന്റെ ഉദാഹരണമാണ്.


Also Read: നിപ മുതൽ ചൂരൽമല വരെ; കേരളത്തെ നടുക്കിയ 2024



ഇസ്രയേലിനെതിരായ പോരാട്ടത്തിന് ഹിസ്ബുള്ളയ്ക്ക് ഇറാന്‍ ആയുധ സഹായങ്ങള്‍ നല്‍കിവന്നിരുന്നത് സിറിയ വഴിയാണ്. സിറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങളും പെട്ടെന്നാണ് മാറിമറിഞ്ഞത്. ലബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ അലെപ്പോയിൽ നിന്ന് ഡമാസ്കസിലേക്ക് എത്തിയ ഹയത്ത് തഹ്‌രീ‍ അൽ ഷാമിന്റെ വിമതമുന്നേറ്റം, 13 വ‍ർഷം നീണ്ട സിറിയയിലെ ബഷർ അൽ അസദ് ഭരണത്തെ താഴെയിറക്കി. അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയും ഇറാനും റഷ്യയും അവരവരുടെ യുദ്ധങ്ങളിൽ ശ്രദ്ധ ചെലുത്തിയിരുന്ന സമയം വിമത നേതാവ് അബു മുഹമ്മദ് അൽ ​ഗോലാനി പ്രയോജനപ്പെടുത്തുകയായിരുന്നു.



പശ്ചിമേഷ്യയിലെ ഭൗമ രാഷ്ട്രീയം ദിനം പ്രതി അപ്രവചനീയമായ തിരിവുകൾ എടുക്കുമ്പോൾ തന്നെ നവംബർ 24ന് റഷ്യ - യുക്രെയ്ൻ യുദ്ധം 1000 ദിവസങ്ങൾ കടന്നു. രണ്ട് വർഷമായി തുടരുന്ന ഈ യുദ്ധത്തിന് അടുത്തെങ്ങും ഒരു അറുതി പ്രതീക്ഷിക്കേണ്ട എന്നാണ് പുതിയ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. 2022 ഫെബ്രുവരി 24ന് 'ഒരു പ്രത്യേക സൈനിക ഓപ്പറേഷൻ' ആരംഭിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രെയ്നിൽ നടന്നത് തീവ്രമായ മനുഷ്യാവകാശ ലംഘനങ്ങളാണ്. ഭക്ഷണം, ജലം, വൈദ്യുതി എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളൊക്കെ മുടക്കി റഷ്യ യുക്രെയ്നെ കീഴടക്കാൻ ശ്രമിച്ചു. എന്നാൽ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ടുള്ള പ്രതിരോധമാണ് വൊളോഡിമി‍ർ സെലൻസ്കിയുടെ നേതൃത്വത്തിൽ യുക്രെയ്ൻ കാഴ്ചവെച്ചത്. യുദ്ധത്തിൽ വലിയ തോതിലുള്ള ആൾ നഷ്ടമാണ് റഷ്യക്ക് ഉണ്ടായത്. 1,80,000 റഷ്യൻ സൈനികരാണ് അധിനിവേശ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഒടുവിൽ ഒറെഷ്നിക് ഹൈപ്പ‍ർസോണിക് മിസൈലുകൾ വരെ റഷ്യ പ്രയോ​ഗിച്ചു. യുഎസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും സമാധാനം ഇപ്പോഴും അകലെയാണ്.



Also Read: ഇവര്‍ മലയാളത്തിന്റെ ബോക്‌സ് ഓഫീസ് ഹീറോസ്


ഗാസയിലും യുക്രെയ്നിലും നടക്കുന്ന ഈ കൊടും ക്രൂരതകൾ ചൂണ്ടിക്കാട്ടി പുടിനും നെതന്യാഹുവിനും എതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും അത് വെള്ളത്തിൽ വരച്ച വരയായി. നീതിയുടെ കരങ്ങൾ ഇസ്രയേലിന്റെയോ റഷ്യയുടെയോ അതിർത്തി കടന്നില്ല. അതിനായി ലോക രാജ്യങ്ങൾ സമ്മർദ്ദവും ചെലുത്തിയില്ല. ഗാസയിൽ ഇസ്രയേലിനു ആയുധങ്ങൾ വിതരണം ചെയ്ത യുഎസ്സിൽ നിന്നോ മറ്റ് ലോക രാജ്യങ്ങളിൽ നിന്നോ അത് പ്രതീക്ഷിക്കേണ്ടതുമില്ല. അർത്ഥവത്തായ മൗനം പാലിക്കുകയാണ് യുദ്ധങ്ങൾക്ക് മുന്നിൽ അവരുടെ അടവ് നയം.



ആഫ്രിക്കൻ ഭൂഖണ്ഡത്തിലും സ്ഥിതി വ്യത്യസ്തമല്ല. 35 സായുധ സംഘർഷങ്ങളാണ് അവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. സുഡാനിൽ സൈന്യവും അർദ്ധ സൈന്യ വിഭാഗമായ ആർ. എസ്. എഫും തമ്മിൽ നടക്കുന്ന സംഘർഷങ്ങളിൽ 15,000 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. മൊസാമ്പിക്കിലും കാറിലും സോമാലിയയിലും ഇതു തന്നെയാണ് അവസ്ഥ.



2024നെ പ്രക്ഷുബ്ധമാക്കിയ ഈ യുദ്ധങ്ങളെ, സംഘർഷങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ ഏകാധിപത്യത്തിന്റെയും, തീവ്ര ദേശീയതയുടെയും താൻപോരിമയുടെയും ഒന്നാം ലോക രാജ്യങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങളുടെയും ഘടകങ്ങൾ കാണാൻ സാധിക്കും. നെതന്യാഹുവിന്റെയും പുടിന്റെയും യുദ്ധങ്ങൾ വ്യത്യസ്ത ഇടങ്ങളിൽ നടക്കുന്നു എന്നേയുള്ളൂ… അവരുടെ ചെയ്തികൾ ഒന്നാണ്, അവരുടെ ഭാഷ ഒന്നാണ്, അക്രമം!

KERALA
കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ അംഗീകാരമില്ലാത്ത കോഴ്സിന്റെ ഫലം; രജിസ്ട്രാര്‍ റിപ്പോര്‍ട്ട് കൈമാറി, അന്വേഷണത്തിന് ഉപസമിതി
Also Read
user
Share This

Popular

KERALA
KERALA
എൻഎസ്‌എസിനും എസ്എൻഡിപിക്കും പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് വേദിയൊരുക്കി സമസ്തയും