2019 ലാണ് മുൻപ് ഇമ്രാൻ ഖാൻ സമാധാന നൊബേലിന് നാമനിർദേശം ചെയ്യപ്പെട്ടത്
ഇമ്രാൻ ഖാന്‍
അഴിമതി കേസിൽ ജയിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി സമാധാനത്തിനുള്ള നൊബേൽ നാമനിർദേശം. പാകിസ്താൻ വേൾഡ് അലയൻസ് (പിവിഎ) എന്ന സംഘടനയാണ് ഇമ്രാനെ നാമനിർദേശം ചെയ്തത്. പാകിസ്ഥാനിലെ മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും ഇമ്രാൻ ഖാൻ നൽകിയ സംഭാവകൾ വലുതാണെന്ന് കാട്ടിയാണ് നാമനിർദേശം.
ഡിസംബറിലാണ് നൊർവീജിയൻ രാഷ്ട്രീയ പാർട്ടിയായ പാർട്ടിയറ്റ് സെൻട്രത്തിന്റെ അഡ്വക്കസി ഗ്രൂപ്പായ പിവിഎ നിലവിൽ വന്നത്. ഖാനെ നാമനിർദേശം ചെയ്യുന്ന വിവരം പാർട്ടിയറ്റ് സെൻട്രം തന്നെയാണ് എക്സിലൂടെ അറിയിച്ചത്. 'പാകിസ്ഥാനിലെ മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനുമായി നടത്തിയ പ്രവർത്തനത്തിന്, സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നാമനിർദേശം ചെയ്യാൻ അധികാരമുള്ള ഒരു കക്ഷിയുമായി സഖ്യത്തിൽ നാമനിർദേശം ചെയ്തതായി പാർട്ടിയറ്റ് സെൻട്രത്തിന്റെ പേരിൽ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, പാർട്ടിയറ്റ് സെൻട്രം എക്സിൽ കുറിച്ചു.
Also Read: മ്യാൻമറിനെ പിടിച്ചുലച്ച ഭൂകമ്പം; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
2019 ലാണ് മുൻപ് ഇമ്രാൻ ഖാൻ സമാധാന നൊബേലിന് നാമനിർദേശം ചെയ്യപ്പെട്ടത്. ഇന്ത്യയുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ദക്ഷിണേഷ്യയിലുടനീളം സമാധാനം വളർത്തുന്നതിനും ശ്രമിച്ചുവെന്ന് പറഞ്ഞായിരുന്നു നാമനിർദേശം. യോഗ്യതയുള്ള നോമിനേറ്റർമാർക്ക് ആരെയും നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യാൻ സാധിക്കും. ദേശീയ അസംബ്ലികളിലെയും സർക്കാരുകളിലെയും അംഗങ്ങൾ ഉൾപ്പെടെ നിരവധി വിഭാഗങ്ങളിൽ ഇത്തരത്തിൽ യോഗ്യതയുള്ള നോമിനേറ്റർമാരുണ്ട്.
പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ പിടിഐ പാർട്ടിയുടെ സ്ഥാപകൻ കൂടിയായ ഖാൻ 2023 ഓഗസ്റ്റ് മുതൽ തടവിൽ കഴിയുകയാണ്. അധികാര ദുർവിനിയോഗവും അഴിമതിയും സംബന്ധിച്ച കേസുകളിൽ കഴിഞ്ഞ ജനുവരിയിൽ ഖാന് 14 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. പ്രധാനപ്പെട്ട നാലാമത്തെ കേസിലായിരുന്നു വിധി. തോഷഖാനാ കേസ്, രാജ്യ രഹസ്യങ്ങൾ ചോർത്തൽ, നിയമവിരുദ്ധ വിവാഹം എന്നിങ്ങനെയുള്ള മൂന്ന് മുൻ കേസുകളിലെ ശിക്ഷ കോടതികൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്തിരുന്നു.
2022 ഏപ്രിലിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിന് ശേഷമാണ് ഖാന് അധികാരം നഷ്ടപ്പെട്ടത്. തനിക്കെതിരായ ആരോപമങ്ങളും കേസുകളും നിഷേധിച്ച ഇമ്രാൻ ഖാൻ എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വാദിക്കുന്നത്.