നവംബര്‍ 13 മുതല്‍ 15 വരെയാണ് കല്‍പാത്തി രഥോത്സവം നടക്കുന്നത്
കല്‍പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബര്‍ 13 ന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് ഇരുപതിലേക്കാണ് മാറ്റിയത്. രഥോത്സവം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നവംബര്‍ 13 ന് തന്നെ നടക്കും. പാലക്കാടിനു പുറമേ, പഞ്ചാബിലെ നാലും ഉത്തര്‍പ്രദേശിലെ ഒമ്പതും മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പും നവംബര്‍ 20 ലേക്ക് മാറ്റിയിട്ടുണ്ട്. വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല. നവംബര്‍ 13 മുതല്‍ 15 വരെയാണ് കല്‍പാത്തി രഥോത്സവം.
സന്തോഷവും ആശ്വാസവും: രാഹുല്‍ മാങ്കൂട്ടത്തില്‍
തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് പാലക്കാടുകാര്‍ക്ക് സന്തോഷവും ആശ്വാസവും നല്‍കുന്നതാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. കല്‍പാത്തി രഥോത്സവം പാലക്കാടിന് അത്രമേല്‍ പ്രാധാന്യമുള്ളതാണ്. തീയതി മാറ്റണമെന്ന് കോണ്‍ഗ്രസ് രേഖാമൂലം അറിയിച്ചിരുന്നു. തീയതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഇടതുപക്ഷത്തിന് അനുകൂലമാകും: എം.വി. ഗോവിന്ദന്‍
തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് ഇടതിന് അനുകൂലമാകുമെന്ന് എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. കല്‍പാത്തി ഉത്സവത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കണമെന്ന് ഇടതുപക്ഷം അടക്കം എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് യുഡിഎഫ് എപ്പോഴും തയ്യാർ: വി.ഡി. സതീശൻ
തെരഞ്ഞെടുപ്പിന് യുഡിഎഫ് എപ്പോഴും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്ന് റൗണ്ട് വീടുകൾ കയറിക്കഴിഞ്ഞു. തീയതി മാറ്റണമെന്ന് യുഡിഎഫ് നേരത്തെ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അന്തിമഘട്ടത്തിൽ തീയതി മാറ്റിയത് എന്തെന്ന് അറിയില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. കോൺഗ്രസിൻ്റെ പ്രശ്നങ്ങൾക്ക് പിന്നാലെ നടന്ന മാധ്യമങ്ങൾക്ക് കൂടുതൽ വിരുന്ന് ബിജെപിയിൽ നിന്നും സിപിഎമ്മിൽ നിന്നും കിട്ടും. ബിജെപിയിൽ നടക്കുന്നത് ആഭ്യന്തര കലാപമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സ്വാഗതം ചെയ്തു ബിജെപി
തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതികരിച്ചു. ബിജെപിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും വിശ്വാസികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.