fbwpx
ചൊക്രമുടിയിൽ വീണ്ടും കൈയേറ്റ ശ്രമം; വിലക്ക് നിലനിൽക്കേ വിവാദ ഭൂമിയിൽ അതിക്രമിച്ചു കയറി
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Jan, 2025 04:43 PM

അതേസമയം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല

KERALA

ഇടുക്കി ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിൽ വീണ്ടും കൈയേറ്റ ശ്രമം. വിലക്ക് നിലനിൽക്കെ ഒരു സംഘം ആളുകൾ വിവാദ ഭൂമിയിൽ അതിക്രമിച്ചു കയറി നീല കുറിഞ്ഞി ചെടികൾ നശിപ്പിച്ചു. പൊലീസ് എത്തി ഭൂമിയിൽ അതിക്രമിച്ചു കയറിയവരെ ഒഴിപ്പിച്ചു. അതേസമയം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. മുമ്പ് ചൊക്രമുടി മലനിരയിൽ കൈയേറ്റം നടത്തിയ അടിമാലി സ്വദേശിയുടെ തൊഴിലാളികളാണ് വിലക്ക് അവഗണിച്ചു ഭൂമിയിൽ കയറിയതെന്ന് ചൊക്രമുടി സംരക്ഷണ സമിതി അംഗങ്ങൾ പറയുന്നു.



രാവിലെയാണ് തൊഴിലാളികൾ ചൊക്രമുടിയിൽ എത്തി പുൽമേടുകൾ വെട്ടി തെളിയ്ക്കാൻ ആരംഭിച്ചത്. സംഭവം അറിഞ്ഞതോടെ ചൊക്രമുടി സംരക്ഷണ സമിതി പ്രവർത്തകരും രാജാക്കാട് പൊലീസും സ്ഥലത്ത് എത്തുകയും കൈയേറ്റ ശ്രമം തടയുകയും ചെയ്തു.  നീല കുറിഞ്ഞി ചെടികൾ ഉൾപ്പടെ ജൈവ പ്രാധാന്യമുള്ള സസ്യങ്ങൾ ആണ് കൈയ്യേറ്റക്കാർ വെട്ടി നശിപ്പിച്ചത്. സംഭവസമയത്ത് ദേവികുളം സബ് കളക്ടരെയും റവന്യൂ അധികൃതരെയും സംരക്ഷണ സമിതി അംഗങ്ങൾ വിളിച്ചറിയിച്ചിരുന്നു.


ALSO READ: 'മതപണ്ഡിതരുടെ ശാസനയിൽ വിശ്വാസമില്ലാത്തവർ എന്തിന് ഇടപെടുന്നെന്നാണ് ചോദിച്ചത്, അതിൽ ഉറച്ച് നിൽക്കുന്നു'; മറുപടിയുമായി PMA സലാം


എന്നാൽ ഒരു റവന്യൂ ഉദ്യോഗസ്ഥൻ പോലും ഇവിടെ എത്തിയില്ല. ഇവിടുത്തെ പട്ടയങ്ങൾ റവന്യൂ വകുപ്പ് പരിശോധിച്ചുവരികയാണ്. ഇതിനിടെയാണ് വിലക്ക് ലംഘിച്ച് വീണ്ടും നിർമാണ പ്രവർത്തനത്തിന് കയ്യേറ്റക്കാർ തയ്യാറായത്. അതിക്രമിച്ചു കയറിയവർക്കെതിരെ റവന്യൂ വകുപ്പ് പരാതി നൽകാത്തതിനാൽ പൊലീസ് ഇവരെ വിട്ടയക്കുകയായിരുന്നു . ചൊക്രമുടിയിൽ കയ്യേറ്റം നടന്നെന്ന് വിവിധ സർക്കാർ ഏജൻസികൾ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടും നടപടികൾ വൈകുകയാണെന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടും ഭൂമിയിൽ കയ്യേറ്റ ശ്രമമുണ്ടായത്.


ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ തുടർ നടപടികൾ സ്വീകരിക്കാതെ ഒഴിഞ്ഞുമാറുകയാണ് റവന്യൂ വകുപ്പ്. അച്ചടക്ക നടപടി നേരിട്ട നാലുപേർക്ക് പുറമെ മറ്റു ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും നടപടി ഒഴിവാക്കാൻ റവന്യൂ വകുപ്പ് അന്തിമ റിപ്പോർട്ട് വൈകിപ്പിക്കുന്നതായുമാണ് ആരോപണം. ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ വൈകുന്നതിനെതിരെ ശക്തമായ സമരവുമായി മുമ്പോട്ട് പോകാനാണ് ചൊക്രമുടി സംരക്ഷണ സമിതിയുടെ തീരുമാനം.


ALSO READ: മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; പ്രതിഷേധവുമായി നാട്ടുകാർ


2024 ഓഗസ്റ്റിലാണ് അതീവ പരിസ്ഥിതിലോല മേഖലയായ റെഡ് സോണിലുൾപ്പെടുന്ന ചൊക്രമുടിയിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റവും അനധികൃത റോഡ് നിർമാണവും വിവാദമായത്. ഭൂമി കയ്യേറ്റത്തിൽ ജില്ലയിലെ സിപിഐ നേതാക്കൾ മുതൽ റവന്യു ഉദ്യോഗസ്ഥർക്കു വരെ പങ്കുണ്ടെന്ന പരാതികളുയർന്നതോടെ അന്വേഷണത്തിനായി മുൻ ഉത്തരമേഖലാ ഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയമിച്ചു. തുടർന്ന് ചോക്രമുടിയിൽ കൈയ്യേറ്റം ഉണ്ടെന്ന് സെപ്റ്റംബറിൽ കെ. സേതുരാമൻ റിപ്പോർട്ട് സമർപ്പിച്ചു.

ചെന്നൈ സ്വദേശിയുടെയും പിതാവിന്റെയും പേരിലുള്ള 14 ഏക്കർ 69 സെന്റ് പട്ടയ ഭൂമിയുടെ സർവേ സർക്കാർ പുറമ്പോക്കിൽ ഉൾപ്പെടുത്തി തയാറാക്കിയെന്നും പരിശോധനകൾ നടത്താതെ നിർമാണ പ്രവർത്തനങ്ങൾക്ക് ചോക്രമുടിയിൽ അനുമതി നൽകിയതായും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തുകയും ചൊക്രമുടിയിൽ ഭൂമി വാങ്ങിയവരുടെയും പട്ടയ ഉടമകളുടെയും രേഖകൾ രണ്ട് തവണയായി പരിശോധിച്ചു. എന്നാൽ കൈയ്യേറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച് ശക്തമായ സമരം തുടങ്ങുമെന്ന് ചൊക്രമുടി സംരക്ഷണ സമിതി പറയുന്നു.

CRICKET
രഞ്ജി ട്രോഫി: മധ്യപ്രദേശിനെ എറിഞ്ഞിട്ട് നിധീഷ്, കേരളം ശക്തമായ നിലയിൽ
Also Read
user
Share This

Popular

KERALA
KERALA
20 മണിക്കൂർ നീണ്ട രക്ഷദൗത്യം; മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിച്ചു