ജെഎന്‍യുവിലെ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു യെച്ചൂരിയുടെ ശരീരം ഔദ്യോഗിക വസതിയിലെത്തിച്ചത്
അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം വസന്ത്കുഞ്ചിലെ വസതിയിൽ പ്രദർശനത്തിന് വെച്ചു. കേരളത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരും, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരും വസതിയിലെത്തി ആദരാഞ്ജലികൾ അര്‍പ്പിച്ചു.
വെള്ളിയാഴ്ച 4.30ഓടെയാണ് എയിംസ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ യെച്ചൂരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. ജെഎന്‍യുവിലെ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു യെച്ചൂരിയുടെ ശരീരം ഔദ്യോഗിക വസതിയിലെത്തിച്ചത്. യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും.
ALSO READ: യെച്ചൂരിയുടെ മൃതദേഹം ജെഎൻയുവിൽ; മുദ്രാവാക്യങ്ങളോടെ അന്ത്യാഭിവാദ്യം
അങ്ങേയറ്റം വേദനാജനകവും ഞെട്ടിക്കുന്നതുമായ വാര്‍ത്തയാണ് കേള്‍ക്കേണ്ടി വന്നതെന്നായിരുന്നു യെച്ചൂരിയുടെ മരണത്തിൽ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. സീതാറാം വിദ്യാര്‍ഥി ജീവിതത്തിലൂടെ തന്റെ പൊതു പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി ഭവനില്‍ നാളെയാണ് ജനറല്‍ സെക്രട്ടറിയുടെ അവസാന സന്ദര്‍ശനം. രാവിലെ പത്ത് മണിയോടെയാണ് എകെജി ഭവനില്‍ മൃതദേഹം എത്തിക്കുക. തുടര്‍ന്ന് എകെജി ഭവനില്‍ നിന്ന് അശോക റോഡ് വരെ വിലാപയാത്ര. വിലാപയാത്രയില്‍ പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അടക്കം പങ്കെടുക്കും. ശേഷം യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം എയിംസില്‍ ഗവേഷണ പഠനത്തിനായി വിട്ടുനല്‍കും.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ദേശീയ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിരുന്നു.ഇന്ത്യ മുന്നണി നേതാക്കളും ബിജെപി നേതാക്കളും അനുശോചനവുമായി രംഗത്തെത്തി. പ്രത്യയശാസ്ത്രത്തിലെ എതിർപ്പുകൾക്കപ്പുറം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയനേതാക്കളുമായും യെച്ചൂരിക്ക് ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിന് പിന്നാലെയെത്തിയ കുറിപ്പുകൾ വ്യക്തമാക്കുന്നതും ഇതാണ്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് എയിംസില്‍ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്നലെ ഉച്ചയോടെയായിരുന്നു.
ALSO READ: ജെഎന്‍യു യൂണിയൻ പ്രസിഡൻ്റായിരുന്ന യെച്ചൂരി; ഇന്ദിരയെ ചോദ്യം ചെയ്ത വിപ്ലവ യുവത്വം
2015 മുതല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു. 1975 ലാണ് യെച്ചൂരി സിപിഎം അംഗമാകുന്നത്. 1978ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1985ല്‍ 33-ാം വയസ്സില്‍ പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992ലെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2005ല്‍ പശ്ചിമബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സിപിഎമ്മിനെ നയിക്കുമ്പോള്‍, പാര്‍ലമെന്റില്‍ യെച്ചൂരി ഇടതുപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശബ്ദമായി. 2015ല്‍ വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നത്. 2018ലെ ഹൈദരാബാദ്, 2022ലെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും യെച്ചൂരി തന്നെ തെരഞ്ഞെടുക്കപ്പെട്ടു.