അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണ സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്
സ്വര്‍ണ കള്ളക്കടത്തും ഹവാല ഇടപാടും വഴി സംസ്ഥാനത്ത് എത്തുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കുമ്പോള്‍ അത് മുസ്ലീം സമുദായത്തിനെതിരായ പ്രവര്‍ത്തനമായി ഈ ശക്തികള്‍ ചിത്രീകരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താന്‍ അടുത്ത തവണ മത്സരിക്കണമോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പിണറായി വിജയന്‍ പറഞ്ഞു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുസ്ലീം തീവ്രവാദ ശക്തികള്‍ക്ക് എതിരെ നടപടിയെടുക്കുമ്പോള്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും മുസ്ലീം വിരോധികളാണെന്ന് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 150 കിലോഗ്രാം സ്വര്‍ണവും 123 കോടി രൂപയുടെ ഹവാല പണവും കേരള പൊലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേരളത്തിലേക്ക് ഇത്തരത്തില്‍ പണം കടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
സിപിഎം ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും, ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നുമുള്ള ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ALSO READ: മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ എന്തൊക്കെയോ പറയുന്നു: പി.വി. അൻവർ
സിപിഎം എക്കാലവും ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്നുണ്ടെന്നും ഈ പോരാട്ടത്തില്‍ നിരവധി സഖാക്കള്‍ രക്തസാക്ഷികളായെന്നും പിണറായി വിജയന്‍ പറഞ്ഞു. അതിനാല്‍ സിപിഎമ്മിന് ആര്‍എസ്എസിനോട് മൃദുസമീപനമാണെന്ന പ്രചാരണം കേരളത്തിലുള്ള ആരും വിശ്വസിക്കില്ല. മതന്യൂനപക്ഷങ്ങള്‍ യുഡിഎഫ് പാളയത്തില്‍ നിന്ന് വിട്ടുമാറി ഇടതുമുന്നണിയെ പിന്തുണയ്ക്കുന്നതില്‍ അസ്വസ്ഥരായ യുഡിഎഫുകാരാണ് സിപിഎമ്മിന് മൃദുഹിന്ദുത്വമുണ്ടെന്ന പ്രചാരണത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഈ കുപ്രചാരണം. കേരളം പിടിക്കാന്‍ ദീര്‍ഘകാലത്തേക്കുള്ള പദ്ധതി ബിജെപിക്കുണ്ട്. എന്നാല്‍, തൃശൂരിലെ വിജയം കൊണ്ടുമാത്രം ബിജെപി കേരളം പിടിക്കുമെന്ന വാദഗതിയില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേമത്ത് മുന്‍പ് ബിജെപി വിജയിച്ചപ്പോഴും ഇത്തരം പ്രചാരണം ഉണ്ടായതാണ്. എന്നാല്‍ അത് താല്‍ക്കാലിക പ്രതിഭാസമാണെന്നും, കോണ്‍ഗ്രസ് ഒത്തുകളി മൂലമാണ് നേമത്ത് ബിജെപി അക്കൗണ്ട് തുറന്നതെന്നും അക്കാലത്ത് തന്നെ സിപിഎം പറഞ്ഞതാണ്.
തൃശൂരിലെ ബിജെപി വിജയവും സമാനമാണ്. തൃശൂരില്‍ ഇടതുപക്ഷത്തിന് അടിത്തറ നഷ്ടമായിട്ടില്ല. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 2019 ല്‍ കിട്ടിയതിനേക്കാള്‍ 86,965 വോട്ടുകളാണ് 2024 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞത്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 2019 ല്‍ കിട്ടിയതിനേക്കാള്‍ 16,196 വോട്ടുകള്‍ കൂടുതലായി 2024 ല്‍ കിട്ടുകയാണ് ചെയ്തത്. എന്നാല്‍ ബിജെപിയുടെ വോട്ട് ശതമാനം എല്ലാ മണ്ഡലങ്ങളിലും വര്‍ധിച്ചുവെന്നത് അവഗണിക്കാനാകാത്ത യാഥാര്‍ത്ഥ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
75 വയസ്സ് കഴിഞ്ഞവരെ നേതൃതലത്തില്‍ നിന്ന് മാറ്റി നിര്‍ത്തി യുവാക്കള്‍ക്ക് അവസരമൊരുക്കണമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കാൻ സന്നദ്ധനാകുമോ എന്ന ചോദ്യത്തിന് അത് താന്‍ മാത്രമായി ഉത്തരം പറയേണ്ട ചോദ്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു വ്യക്തി എന്ന നിലയില്‍ തീരുമാനിക്കുന്നതല്ല അതെന്നും, അത്തരം കാര്യങ്ങളില്‍ പാര്‍ട്ടി കൂട്ടായ തീരുമാനമെടുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
പ്രായപരിധി തുടരുമെന്നും, തന്റെ കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കുകയെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിച്ചാണ് താന്‍ എക്കാലവും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം വരവിന്റെ സാധ്യത തള്ളിക്കളയാതെയാണ് പിണറായി വിജയന്റെ മറുപടി എന്നത് ശ്രദ്ധേയമാണ്.
ആർഎസ്എസ്സിനും ഹിന്ദുത്വ ശക്തികൾക്കുമെതിരെ എന്നും ശക്തമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനം അനുസരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.