ക്രൂരമായ റാഗിങ്ങിൽ അതിശക്തമായ നിയമനടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും പി.എം. ആർഷോ പറഞ്ഞു
പി.എം ആർഷോ
കോട്ടയം ഗാന്ധി നഗർ സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ്ങിലെ പ്രതികളെ എസ്എഫ്ഐക്കാരാക്കാൻ വലിയ ശ്രമം നടക്കുന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. എസ്എഫ്ഐക്ക് കോളേജിൽ യൂണിറ്റില്ലെന്നും പൊതുസമൂഹത്തിൽ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആർഷോ വ്യക്തമാക്കി. അരാജക പ്രവണത വീണ്ടും ക്യാംപസുകളിലേക്ക് കടന്നുവരുന്നതായും ക്രൂരമായ റാഗിങ്ങിൽ അതിശക്തമായ നിയമനടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും പി.എം. ആർഷോ പറഞ്ഞു.
തെറ്റ് ചെയ്താൽ നിങ്ങൾക്ക് മുന്നിൽ തലകുനിച്ച് നിൽക്കുമെന്ന് ആർഷോ പറഞ്ഞു. വിദ്യാർഥി സംഘടനകളുടെ ഇടപെടൽ ഉണ്ടായെങ്കിൽ റാഗിങ് നടക്കില്ലായിരുന്നു. കേസിൽ പ്രതിയായ രാഹുൽ രാജ് വണ്ടൂർ എൽസി സെക്രട്ടറി അല്ല. രണ്ട് രൂപ അംഗത്വത്തിൽ പോലും ഇല്ലാത്ത ആളാണ് രാഹുൽ രാജ്. കെജിഎൻഎസ്എക്ക് എസ്എഫ്ഐയുമായി ബന്ധമില്ലെന്നും പലയിടത്തും ഈ സംഘടനയുമായി എസ്എഫ്ഐ കലഹത്തിലാണെന്നും ആർഷോ വ്യക്തമാക്കി.
Also Read: കണ്ണൂരില്‍ പ്ലസ്‌വൺ വിദ്യാര്‍ഥിയുടെ കൈ ചവിട്ടി ഒടിച്ച സംഭവം; 5 പ്ലസ്‌ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
ആവർത്തിക്കാൻ ധൈര്യപ്പെടാത്ത തരത്തില്‍ നിയമനടപടി വിഷയത്തിൽ ഉണ്ടാകണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. കോട്ടയത്തെ റാഗിങ്ങിൽ ചില കുളംകലക്കികൾ ദുഷ്പ്രചരണം നടത്തുന്നു. കുത്തും കോമയും ചേർത്ത് വാർത്ത പ്രചരിപ്പിക്കുന്നു. കെപിസിസി അധ്യക്ഷനാണ് തുടങ്ങി വിട്ടതെന്നും മാധ്യമങ്ങൾ കോൺഗ്രസ് അജണ്ടയ്‌ക്കൊപ്പം തുള്ളരുതെന്നും ആർഷോ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ചും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. വിദേശ സർവകലാശാലകളുടെ കടന്നുവരവ് എസ്എഫ്ഐ സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. ആശങ്കകൾ നേരത്തെ സൂചിപ്പിച്ചിരുന്നു. വിദ്യാർഥി സംഘടനകളുമായി ചർച്ച ചെയ്ത് ആശങ്കകൾ ദൂരീകരിക്കണമെന്നും ആർഷോ പറഞ്ഞു. ടി.പി. ശ്രീനിവാസനെ മർദിച്ചത് മഹാ അപരാധമാണെന്ന് കരുതുന്നില്ല. സ്വാഭാവികമായ പ്രതികരണമാണ് എസ്എഫ്ഐയുടെ ഭാഗത്ത് നിന്ന് അന്നുണ്ടായത്. കേട്ടാൽ അറയ്ക്കുന്ന തെറിയാണ് ടി.പി. ശ്രീനിവാസൻ വിദ്യാർഥിയെ വിളിച്ചതെന്നും പി.എം. ആർഷോ കൂട്ടിച്ചേർത്തു.
കോട്ടയം ഗാന്ധി നഗർ സർക്കാർ നഴ്സിങ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും കാണാൻ സാധിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേഴ്സ് ഉപദ്രവിച്ചത്. റാഗിങിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്നു പൊലീസ് പരിശോധിച്ചു വരികയാണ്. കേസിൽ അഞ്ച് വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ നഴ്സിങ് കോളേജിലെ രണ്ട്, മൂന്ന് വർഷ വിദ്യാർഥികളായ സാമുവൽ ജോൺസൺ, ജീവ എൻ. എസ്, കെ. പി രാഹുൽരാജ്, സി. റിജിൽജിത്ത്, വിവേക് എൻ. പി എന്നിവരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമാണെന്ന് കെഎസ്‌യുവും എംഎസ്‌എഫും ആരോപിച്ചിരുന്നു.