കുട്ടി വീണ വിവരം അറിയിക്കാന്‍ മറന്നുപോയെന്നാണ് ജീവനക്കാർ രക്ഷിതാക്കള്‍ക്ക് നല്‍കിയ മറുപടി
അങ്കണവാടിയിലെ ജനലില്‍ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ അങ്കണവാടിയിലെ ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ കേസ്. മാറനല്ലൂർ അങ്കണവാടിയിലെ ടീച്ചർ ശുഭ ലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാറനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം ഇരുവരെയും വനിത ശിശു വികസന ഓഫീസർ വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്. വ്യാഴാഴ്ചയാണ് മൂന്നുവയസുകാരി വൈഗ മാറനല്ലൂരിലെ അങ്കണവാടിയിൽ നിന്നും വീണു പരുക്കേറ്റത്. പരിശോധനയില്‍ കുട്ടിയുടെ തലയ്ക്ക് ആന്തരിക രക്തസ്രാവമുള്ളതായി കണ്ടെത്തിയിരുന്നു. കുട്ടി വീണത് അങ്കണവാടി ജീവനക്കാർ മറച്ചുവെച്ചുവെന്നാണ് രക്ഷിതാക്കളുടെ പരാതി.
വീട്ടിലെത്തിയ കുട്ടി നിർത്താതെ കരയുകയും ഛർദ്ദിക്കുകയും ചെയ്തിരുന്നു. ഒപ്പംപഠിക്കുന്ന സഹോദരനാണ് കുട്ടി വീണ കാര്യം വീട്ടുകരെ അറിയിച്ചത്. തുടർന്ന് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കുട്ടിയുടെ സുഷുമ്‌നാനാഡിക്ക് ക്ഷതം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ കഴുത്ത് ഉറയ്ക്കുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഞായറാഴ്ച ശിശു ക്ഷേമ സമിതിയില്‍ നിന്നും അന്വേഷണത്തിന് ആളെത്തിയതോടെയാണ് കുട്ടിക്ക് അപകടം സംഭവിച്ച വിവരം പുറത്തറിയുന്നത്. അങ്കണവാടി ജീവനക്കാരുടെ ഗുരുതര വീഴ്ചയില്‍ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കുട്ടി വീണ വിവരം അറിയിക്കാന്‍ മറന്നുപോയെന്നാണ് ജീവനക്കാർ രക്ഷിതാക്കള്‍ക്ക് നല്‍കിയ മറുപടി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.