ഡ്രൈവറുടേയും ക്ലീനറുടേയും ലൈസൻസും റദ്ദാക്കും. ഇരുവരും യാത്രയുടെ തുടക്കം മുതൽ മദ്യപിച്ചിരുന്നുവെന്ന പ്രാഥമിക റിപ്പോർട്ട് ലഭിച്ചതോടെയാണ് നടപടി
തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്ന അഞ്ച് പേരുടെ ജീവനെടുത്ത സംഭവത്തിൽ അപകടം ഉണ്ടാക്കിയ ലോറിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. ലോറിയുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ഡ്രൈവറുടേയും ക്ലീനറുടേയും ലൈസൻസും റദ്ദാക്കും. ഇരുവരും യാത്രയുടെ തുടക്കം മുതൽ മദ്യപിച്ചിരുന്നുവെന്ന പ്രാഥമിക റിപ്പോർട്ട് ലഭിച്ചതോടെയാണ് നടപടി. നടന്നത് കരുതി കൂട്ടിയുള്ള തെറ്റാണ്. അപകടമുണ്ടായ ശേഷം രക്ഷപ്പെടാനാണ് ഡ്രൈവറും ക്ലീനറും ശ്രമിച്ചത്. നാട്ടുകാരാണ് തടഞ്ഞുനിർത്തിയതെന്നും മന്ത്രി പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ഇവരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിരുന്നെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. രാത്രികാലങ്ങളിൽ റോഡിൻ്റെ ഭാഗങ്ങളിൽ കിടന്നുറങ്ങരുത്. ഇത് സംബന്ധിച്ചും നിർദേശം നൽകും. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ രാത്രി പരിശോധന തുടങ്ങുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ആളില്ലാത്തതല്ല, പരിശോധനകൾക്കായി ആവശ്യത്തിന് വാഹനം ഇല്ലാത്തതാണ് മോട്ടോർ വാഹന വകുപ്പ് നേരിടുന്ന പ്രശ്നം. കൂടുതൽ വാഹനങ്ങൾ ഉടൻ വാങ്ങാൻ ആണ് തീരുമാനം. ഇതിനായുള്ള ധനസഹായത്തെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.
ഇന്ന് പുലർച്ചെ നാലിനാണ് തൃശൂർ നാട്ടികയിൽ ഉറങ്ങി കിടന്ന അഞ്ച് പേരുടെ ദേഹത്ത് തടി ലോറി കയറിയിറങ്ങി അപകടമുണ്ടാകുന്നത്. കണ്ണൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. റോഡിൽ ഉറങ്ങിക്കിടന്നിരുന്ന അഞ്ചുപേരും തത്ക്ഷണം മരിക്കുകയായിരുന്നു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. നാടോടി സംഘമാണ് അപകടത്തിൽ പെട്ടത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (1 വയസ്) എന്നിവരാണ് മരിച്ചത്.
11 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഗോവിന്ദാപുരം സ്വദേശികളായ ചിത്ര, ദേവേന്ദ്രന്‍, ജാന്‍സി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ശിവാനി വിജയ് രമേശ് എന്നിവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ALSO READ: തൃശൂർ ലോറി അപകടം: വാഹനം ഓടിച്ചത് ലൈസൻസ് ഇല്ലാത്ത ക്ലീനർ, ഡ്രൈവറും മദ്യലഹരിയിൽ
ലൈസൻസ് ഇല്ലാത്ത ക്ലീനർ അലക്സ് ആയിരുന്നു അപകട സമയം വാഹനം ഓടിച്ചത്. ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, കണ്ണൂർ സ്വദേശിയായ ഡ്രൈവർ ജോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനഃപ്പൂര്‍വമായ നരഹത്യ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. അപകടത്തിൽ കളക്ടറും കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും.
ജില്ലാ ഭരണകൂടം മരിച്ചവരെ വീടുകളില്‍ എത്തിക്കും. ഇതിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ചികിത്സയടക്കം എല്ലാ പിന്തുണയും ഉണ്ടാകും. തുടര്‍ ചികിത്സക്ക് സഹായം സര്‍ക്കാര്‍ ചെയ്യും. ഇതിനായി തൃശൂര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാകും ധനസഹായം നൽകുക. കൂടുതല്‍ ധനസഹായം കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിശോധിച്ച് തീരുമാനിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.