ആരോപണ വിധേയരായ എസ്.പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, സി.ഐ വിനോദ് എന്നിവര്‍ക്കാണ് സുപ്രീം കോടതിയുടെ നോട്ടീസ്
പൊന്നാനി പീഡനക്കേസില്‍ സുപ്രീംകോടതിയുടെ നോട്ടീസ്. ആരോപണ വിധേയരായ എസ്.പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, സി.ഐ വിനോദ് എന്നിവര്‍ക്കാണ് സുപ്രീം കോടതിയുടെ നോട്ടീസ്. രണ്ടാഴ്ചയ്ക്കകം മൂന്ന് ഉന്നത ഉദ്യോഗസ്ഥരും മറുപടി നൽകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. മറുപടി സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശമുണ്ട്. പീഡനത്തിനിരയായ യുവതിയുടെ ഹര്‍ജി ഏപ്രില്‍ 23ന് പരിഗണിക്കും.
പൊന്നാനി സ്വദേശിനിയുടെ ബലാത്സംഗ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. പൊന്നാനി സിഐ ആയിരുന്ന വിനോദ്, ഡിവൈഎസ്പി വി.വി. ബെന്നി, മുൻ എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെയായിരുന്നു വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി. മലപ്പുറത്ത് വസ്തു പ്രശ്നം പരിഹരിക്കാനെത്തിയ യുവതി ആദ്യം പൊന്നാനി സിഐ ആയിരുന്ന വിനോദിന് പരാതി നല്‍കിയെന്നും ഇതിനു പിന്നാലെ വിനോദ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. പിന്നീട് മറ്റു പൊലീസുകാരും യുവതിയെ പല സ്ഥലങ്ങളില്‍ നിന്നായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ALSO READ: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ അവസാനഘട്ടത്തിൽ; വാദം ഈ മാസം 11ന് പൂർത്തിയാകും
പീഡന പരാതി വ്യാജമാണെന്ന് സുജിത് ദാസും ഡിവൈഎസ്പി ബെന്നിയും സിഐ വിനോദും നേരത്തേ ആരോപിച്ചിരുന്നു. വീട്ടമ്മ ഉന്നയിച്ച പീഡന പരാതിയില്‍ കഴമ്പില്ലെന്നത് നേരത്തെ കണ്ടെത്തിയതാണെന്ന് സുജിത് ദാസ് വ്യക്തമാക്കിയിരുന്നു. മുട്ടില്‍ മരംമുറി കേസിലെ ഉദ്യോഗസ്ഥനായ തന്നെ മനഃപൂര്‍വ്വം കുടുക്കാനാണ് ആരോപണം എന്നാണ് ഡിവൈഎസ്പി ബെന്നി പറഞ്ഞത്. സിഐ വിനോദും പീഡന പരാതി വ്യാജമാണെന്ന് പ്രതികരിച്ചിരുന്നു.