മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് വഖഫിനൊപ്പം നിന്ന കോൺഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക് എന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്
എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്റർ. വഖഫ് ബില്ലിനെ എതിർത്താലും ജയിച്ചെന്ന് കരുതേണ്ട എന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്. കോൺഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടിലാണ് പോസ്റ്റർ. ഹൈബി ഈഡൻ എംപിയുടെ ഓഫീസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മുനമ്പം ജനതയുടെ പേരിലാണ് പോസ്റ്റർ. വഖഫ് ബിൽ നാളെ പാർലമെൻ്റിൽ ചർച്ചയ്ക്ക് വയ്ക്കാന്‍ തീരുമാനമായതിനു പിന്നാലെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് വഖഫിനൊപ്പം നിന്ന കോൺഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക് എന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. ക്രൈസ്തവ സമൂഹം നിങ്ങൾക്കെതിരെയും വിധിയെഴുതും. വഖഫിനൊപ്പം നിൽക്കുന്ന കോൺഗ്രസേ, ക്രൈസ്തവ സമൂഹത്തിന് നിങ്ങൾ നൽകിയ മുറിവായി മുനമ്പം എന്നും ഞങ്ങൾ ഓർത്തു വയ്ക്കും. വഖഫ് ബില്ലിനെ നിങ്ങൾ എതിർത്താലും ജയിച്ചെന്നു കരുതണ്ട. മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാർഥനകളും ദൈവം കാണാതിരിക്കില്ല- എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.
Also Read: വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ; എട്ട് മണിക്കൂര്‍ ചർച്ച, സിപിഐഎം പങ്കെടുക്കില്ല
അതേസമയം, കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതുക്കിയ വഖഫ് നിയമ ഭേദഗതി അവതരിപ്പിക്കുക. അമുസ്ലീങ്ങളും സ്ത്രീകളും ബോർഡിലുണ്ടാകും. ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് ഇൻഡ്യാ മുന്നണി യോഗത്തിൽ ധാരണയായത്. പാർലമെൻ്റ് അനക്സിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ, തൃണമൂൽ നേതാവ് കല്യാൺ ബാനർജി, എസ്പി നേതാവ് രാം ഗോപാൽ വർമ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
നേരത്തെ പാർലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്ന സിപിഐഎം എംപിമാരും നാളെ ചർച്ചയിൽ പങ്കെടുക്കും. ചർച്ചയിൽ പങ്കെടുക്കാനാണ് എംപിമാർക്ക് നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. എംപിമാർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്ന് പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് അറിയിച്ചു. ലോക്സഭയിലും രാജ്യസഭയിലും സിപിഐഎം എംപിമാർ ബിൽ അവതരണ ചർച്ചയിൽ പങ്കെടുക്കും. അതിനുശേഷം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ മതിയെന്നാണ് എംപിമാർക്ക് നൽകിയിരിക്കുവന്ന നിർദേശം. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്നാണ് സിപിഐഎം അറിയിച്ചിരുന്നത്. ഇക്കാര്യം കാട്ടി നാല് സിപിഐഎം എംപിമാര്‍ ലോക്‌സഭ സ്പീക്കര്‍ക്ക് കത്തും നല്‍കിയിരുന്നു.
നാളെ ഉച്ചയ്ക്ക് ബിൽ അവതരിപ്പിക്കാനാണ് സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്. ഇന്നു നടന്ന കാര്യോപദേശക സമിതി യോഗത്തിലായിരുന്നു തീരുമാനം. ബില്ലിന്മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ചയാകും നടക്കുക. ബില്‍ അവതരണവുമായി ബന്ധപ്പെട്ട് എല്ലാ എംപിമാര്‍ക്കും വിപ്പ് നല്‍കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ തീരുമാനമെടുത്ത കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.