ഉപാധികളോടെയാണ് തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ജാമ്യം. രണ്ടാള്‍ ജാമ്യം, ജില്ല വിട്ടു പോകരുത്, തിങ്കളാഴ്ചകളില്‍ രാവിലെ 9 നും 11 നുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതേ കോടതി തന്നെയായിരുന്നു ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയത്. ഇത്തരത്തില്‍ ഒരു വേദിയിലെത്തി സംസാരിച്ചത് തെറ്റാണെന്ന് ദിവ്യ തന്നെ ജാമ്യഹര്‍ജിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചതെന്നും ദിവ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ALSO READ: എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യക്കെതിരെ സിപിഎം നടപടി; കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കും
എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി.പി. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിരുന്നത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് തലശ്ശേരി കോടതി ഉത്തരവിട്ടതോടെ ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിന് ശേഷമാണ് പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി പി.പി. ദിവ്യ ജാമ്യഹര്‍ജി നല്‍കിയത്.
നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയൊന്നായിരുന്നു ടി.വി. പ്രശാന്ത് വിജിലന്‍സിന് നല്‍കിയ മൊഴി, കുറ്റിയാട്ടൂരിലെ കെ. ഗംഗാധരന്റെ എഡിഎമ്മിനെതിരായ പരാതി തുടങ്ങിയവ പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ലെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. കെ. വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ ദിവ്യയെ കഴിഞ്ഞ ദിവസമാണ് റിമാന്‍ഡ് ചെയ്തത്. നവംബര്‍ 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. റിമാന്‍ഡിലായി 11-ാം ദിവസമാണ് ദിവ്യക്ക് ജാമ്യം ലഭിക്കുന്നത്.