ബി.ജെ.പി, ആർ.എസ്.എസ് കൂട്ടുകെട്ടിനെതിരെ മതേതര ശക്തികളുടെ കൂട്ടായ്മ വളർത്തുകയാണ് ലക്ഷ്യമെന്ന് മണിക് സര്‍ക്കാര്‍
ഹിന്ദുത്വ, വര്‍ഗീയ അജണ്ടകളും കോര്‍പ്പറേറ്റ് പ്രീണനവും ചേര്‍ന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് സിപിഎം പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. യുഎസ് പ്രസിഡന്റ് ട്രംപിന്റെയും അംബാനി-അദാനികളുടെയും ആര്‍എസ്എസിന്റെയും സുഹൃത്തായ നരേന്ദ്ര മോദിയും ബിജെപിയുമാണ് രാജ്യം ഭരിക്കുന്നത്. ഇവര്‍ മൂന്നും ചേര്‍ന്ന കൂട്ടുകെട്ട് രാജ്യത്തെ പുതിയ കരത്തിലേക്കാണ് കൊണ്ടുപോകുന്നത്. ഹിന്ദുത്വ, വര്‍ഗീയ അജണ്ടകളും കോര്‍പ്പറേറ്റ് പ്രീണനവും ചേര്‍ന്നതാണ് ബിജെപി ഭരണം. രാജ്യത്തെ മുസ്ലീം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി, ആക്രമിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നവ ഫാസിസ്റ്റ് രീതിയാണ് ബിജെപി സര്‍ക്കാരിന്റേത്. അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.മധുരയില്‍ നടക്കുന്ന 24-ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായി പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിന് ഇക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും, ഭരണകക്ഷിയുടെയും സര്‍ക്കാരിന്റെയും അടിസ്ഥാന സ്വഭാവത്തെക്കുറിച്ചും കൃത്യമായ അവബോധം ആവശ്യമാണ്. അതൊരു സങ്കീര്‍ണമായ കാര്യമാണ്. എന്നിരുന്നാലും, ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നിസാരമാണ്. വെറും മൂന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുക. ആദ്യത്തേത്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുഹൃത്തെന്ന് അവകാശപ്പെട്ടയാള്‍ ആരാണ്? രണ്ടാമത്തെ ചോദ്യം, ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും അടുത്ത സുഹൃത്ത് ആരാണ്? മൂന്നാമത്, ആര്‍എസ്എസിനോട് പൂര്‍ണ വിധേയത്വം പുലര്‍ത്തുന്നത് ആരാണ്? എല്ലാം ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഒന്നാണ്. നരേന്ദ്ര മോദി, ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാരും പ്രതിനിധാനം ചെയ്യുന്നത് ഹിന്ദുത്വ-കോര്‍പ്പറേറ്റ് കൂട്ടുകെട്ടാണ്. അത് യുഎസില്‍ സജീവമായ സാമ്രാജ്യത്വത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നതാണ്. ബിജെപിക്കും ആര്‍എസ്എസിനും എതിരെ എങ്ങനെ ഫലപ്രദമായി പോരാടാം എന്നതാണ് പ്രധാന ചോദ്യം. അവരെ ഒറ്റപ്പെടുത്തി, ചെറുക്കുകയാണ് പ്രധാനമെന്നും കാരാട്ട് പറഞ്ഞു.
സമ്മേളനത്തിന് മണിക് സര്‍ക്കാര്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി, ആർ.എസ്.എസ് കൂട്ടുകെട്ടിനെതിരെ മതേതര ശക്തികളുടെ കൂട്ടായ്മ വളർത്തുകയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. തൊഴിലാളികൾ, സാധാരണക്കാർ, ആദിവാസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്കു വേണ്ടി പോരാട്ടം ശക്തമാക്കണം. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള പരിപാടികൾ കൊണ്ടുവരണം. പാർട്ടി എന്ന നിലയിൽ ഒറ്റയ്ക്ക് വളരാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്നും മണിക് സര്‍ക്കാര്‍ ഓര്‍മപ്പെടുത്തി.
ALSO READ: ചെങ്കടലായി മധുര; സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നു
മുതിർന്ന നേതാവ് ബിമൻ ബസുവാണ് സമ്മേളനത്തിന് തുടക്കംകുറിച്ച് പതാക ഉയർത്തിയത്. തുടര്‍ന്ന് സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, ബുദ്ധദേബ് ഭട്ടാചാര്യ, എന്‍. ശങ്കരയ്യ എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് നാല് നേതാക്കളുടെ പൊതുജീവിതം സംക്ഷിപ്തമായി അവതരിപ്പിച്ചു. കഴിഞ്ഞ പാര്‍ട്ട് കോണ്‍ഗ്രസിനുശേഷം രക്തസാക്ഷികളായ 22 പ്രവര്‍ത്തകര്‍ക്കും ഉദ്ഘാടന സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചു. ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുക എന്നതാണ് പാർട്ടി കോൺഗ്രസിൻ്റെ പ്രധാന അജണ്ടകളിൽ ഒന്ന്. പുതിയ പിബി അംഗങ്ങളെയും കണ്ടെത്തും.