ഈ പ്രശ്‌നം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കാന്‍ ശ്രമിക്കുന്നത് പോലെ. ഡിസിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ അവകാശവാദവുമായി വന്നിട്ടില്ല.
ഇ.പി. ജയരാജന് പിന്തുണയുമായി സിപിഎം ഇന്ററിം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടും മന്ത്രി വി.എന്‍. വാസവനും. ആത്മകഥ വിവാദം കളവാണെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ഇപ്പോഴുള്ള വിവാദം തെറ്റാണെന്ന് ഇ.പി. ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു കാര്യവും പുസ്തകത്തില്‍ എഴുതിയിട്ടില്ല. അങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുമില്ല. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
ഇ.പി. പറയുന്നതേ വിശ്വസിക്കാന്‍ കഴിയൂ എന്നാണ് മന്ത്രി വി.എന്‍. വാസവനും പറയുന്നത്. ഈ പ്രശ്‌നം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കാന്‍ ശ്രമിക്കുന്നത് പോലെ. ഡിസിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ അവകാശവാദവുമായി വന്നിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം വാര്‍ത്ത വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വാസവന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇപിയും ഡിസിയും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.
രാഷ്ട്രീയമായ ദുരുദ്ദേശ്യത്തോടെയുള്ള വാര്‍ത്തയാണിതെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു. കട്ടന്‍ ചായയും പരിപ്പുവടയും എന്ന തലക്കെട്ടില്‍ തന്റെ പുസ്തകമെന്ന പേരില്‍ പ്രചരിക്കുന്ന പിഡിഎഫിലെ ഉള്ളടക്കങ്ങള്‍ തന്റെ ആത്മകഥയിലേത് അല്ലെന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജന്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.
'എന്റെ ആത്മകഥ പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴും എഴുതികൊണ്ടിരിക്കുകയാണ്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചുമതല ഞാന്‍ ഡിസി ബുക്‌സിനെ ഏല്‍പ്പിച്ചിട്ടില്ല. പ്രസിദ്ധീകരണം ആവശ്യപ്പെട്ട് മാതൃഭൂമി സമീപിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് ദിനം മുന്നില്‍കണ്ടുള്ള ആസൂത്രിതമായ ഗൂഢാലോചന മാത്രമാണിത്. സരിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കാര്യങ്ങളൊന്നും പുസ്തകത്തിലില്ല. ആത്മകഥയില്‍ പറയുന്നത് പഴയ കാര്യങ്ങള്‍ മാത്രമാണ്. പിഡിഎഫ് ഫോര്‍മാറ്റ് പുറത്തുവിട്ട ഡി.സി. ബുക്‌സിനെതിരെ നിയമനടപടി സ്വീകരിക്കും. 'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന് ഞാന്‍ പുസ്തകത്തിന് പേര് നല്‍കുമോ,'' എന്നാണ് ഇപി ജയരാജന്‍ ചോദിച്ചത്.
വിവാദം പുകയുന്നതിനിടെ കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം സാങ്കേതിക തടസം മൂലം നീട്ടിവെച്ചിരിക്കുന്നതായി ഡിസി ബുക്‌സും അറിയിച്ചിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിസി ബുക്‌സ് പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചിരിക്കുന്നതായി അറിയിച്ചത്.