28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ നിർദ്ദേശം.
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്" എന്ന നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിന് പിന്നാലെ പദ്ധതി നിർദേശിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയായ കോവിന്ദ് പാനലിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
'ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഉന്നതതല സമിതിയുടെ ശുപാർശകൾ കാബിനറ്റ് അംഗീകരിച്ചു. ഈ ശ്രമത്തിന് നേതൃത്വം നൽകുന്നതിനും വിപുലമായ കൂടിയാലോചനകൾ നടത്തിയതിനും മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജിയെ അഭിനന്ദിക്കുന്നു,' എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ജനാധിപത്യത്തെ കൂടുതൽ ഊർജസ്വലവും പങ്കാളിത്തവുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പ് കൂടിയാണിതെന്നും മോദി കൂട്ടിച്ചേർത്തു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ശുപാർശക്കാണ് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. വരുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബില്ലിൻ്റെ കരട് അവതരിപ്പിച്ചേക്കും. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
ALSO READ: നിർണായക നീക്കവുമായി കേന്ദ്രസർക്കാർ; ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി 2029 മുതലാണ് ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചത്. ശുപാർശ ഇപ്പോൾ കേന്ദ്രമന്ത്രിസഭാ കൂടി അംഗീകരിച്ചതോടെ രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്.
രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ ഒരു നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിൻ്റെ പരിഗണനയിലുള്ള നിർദ്ദേശമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. 2014ലാണ് ഇത്തരമൊരാശയം മോദി സർക്കാർ അവതരിപ്പിക്കുന്നത്. 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ നിർദ്ദേശം.