പാര്‍ട്ടി ശക്തികേന്ദ്രമായ നടുവയലിലാണ് പ്രകടനം നടന്നത്
കോഴിക്കോട് വടകരയിൽ സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും വിമതരുടെ പ്രതിഷേധം. ജില്ലാ കമ്മറ്റിയിൽ നിന്ന് പി.കെ. ദിവാകരനെ ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാര്‍ട്ടി ശക്തികേന്ദ്രമായ നടുവയലിലാണ് പ്രകടനം നടന്നത്. ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരാണ് മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്.
ഫെബ്രുവരി മൂന്നാം തീയതിയും, അഞ്ചാം തീയതിയും വടകരയുടെ വിവിധ ഭാഗങ്ങളിൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സിപിഎം ശക്തി കേന്ദ്രമായ വടകരയിലെ മണിയൂരിലും, മുടപ്പിലാവിലും, തിരുവള്ളൂരിലും ശക്തമായ പ്രതിഷേധമാണ് ദിവാകരനെ അനുകൂലിച്ചുകൊണ്ട് നടത്തിയത്. നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം.
കോഴിക്കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പ്രതിഷേധമുയർന്നത്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി. കെ. ദിവാകരനെ പുതിയ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതാണ് പാർട്ടിയിലെ ഒരു വിഭാഗമാളുകളെ ചൊടിപ്പിച്ചത്. വടകര ഏരിയയിലെ സിപിഎമ്മിൻ്റെ പ്രധാനപ്പെട്ട നേതാവാണ് ദിവാകരൻ. സിപിഎം വടകര ഏരിയ സെക്രട്ടറിയും, മുൻ ജില്ല കമ്മിറ്റി അംഗമായിരുന്നു പി.കെ. ദിവാകരൻ.
കെ. കെ. ലതിക കുറ്റ്യാടിയിൽ മത്സരിച്ച സമയത്ത് വോട്ട് ചോർച്ച തടയാൻ ദിവാകരൻ ഇടപെട്ടിട്ടില്ല എന്ന വിമർശനം സമ്മേളനത്തിൽ ഉയർന്നിരുന്നു. ജില്ലയിലെ ആദ്യ ഏരിയാ സമ്മേളനമായിരുന്ന വടകരയിൽ ഏരിയ കമ്മിറ്റിയിലേക്ക് മത്സരം നടന്നിരുന്നു. മത്സരം ഒഴിവാക്കാൻ പി. കെ. ദിവകരൻ ഇടപെട്ടിട്ടില്ല എന്ന എന്നാരോപണവും ചില സമ്മേളനത്തിൽ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധങ്ങളുമായി അണികൾ തെരുവിലിറങ്ങിയത്.