ഡിഎംകെയുടെ സ്ഥാനാർഥിത്വം ബിജെപിയെ സഹായിക്കാനല്ലെന്നും ഇന്ത്യ മുന്നണി പൊതുസ്ഥാനാർഥിയെ നിർത്തിയാൽ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നും പി.വി. അൻവർ പറഞ്ഞു
കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തിലേക്ക് ചേക്കേറിയ ഡോക്ടർ പി. സരിന് മുന്നറിയിപ്പുമായി പി.വി. അൻവർ എംഎൽഎ. സിപിഎമ്മിലേക്ക് പോകുന്ന സരിന് തൻ്റെ ഗതി വരുമെന്നായിരുന്നു അൻവറിൻ്റെ മുന്നറിയിപ്പ്. ഡിഎംകെയുടെ സ്ഥാനാർഥിത്വം ബിജെപിയെ സഹായിക്കാനല്ലെന്നും ഇന്ത്യ മുന്നണി പൊതുസ്ഥാനാർഥിയെ നിർത്തിയാൽ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നും പി.വി. അൻവർ പറഞ്ഞു. സരിൻ നേരത്തെ ഡിഎംകെ സ്ഥാനാർഥിത്വം നിരസിച്ചിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി. സരിനുമായി പി.വി. നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പാലക്കാട് സ്ഥാനാർഥിയാകണമെന്നാണ് സരിനോട് അൻവർ ആവശ്യപ്പെട്ടത്. എന്നാൽ സരിൻ ഈ ആവശ്യം നിരസിക്കുകയായിരുന്നു.
ALSO READ: "പാലക്കാട് ഇടതുമുന്നണി തിരിച്ചുപിടിക്കും, സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്"; ഇ.എൻ. സുരേഷ് ബാബു
അതേസമയം പാലക്കാട് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയെ ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. പാലക്കാട് ഇത്തവണ ഇടതുമുന്നണി തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തോടെയായിരുന്നു സുരേഷ് ബാബുവിൻ്റെ പ്രതികരണം. പുതിയ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.