രണ്ടുദിവസം മുന്നേ കെപിസിസി ജനറൽ സെക്രട്ടറി എ.പി. അനിൽ കുമാറുമായി ചർച്ച നടത്തിയ അൻവർ യുഡിഎഫ് പ്രവേശനം ചർച്ച ചെയ്തിരുന്നു
രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സമ്മർദത്തിലാക്കാൻ പുതിയ തന്ത്രവുമായി പി.വി. അൻവർ. ഏറെനാളായുള്ള യുഡിഎഫ് പ്രവേശം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സാധ്യമാക്കാനാണ് അൻവറിന്റെ നീക്കം. യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കിയില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമാണ് അൻവറും തൃണമൂൽ കോൺഗ്രസും നടത്തുന്നത്.
രണ്ടുദിവസം മുന്നേ കെപിസിസി ജനറൽ സെക്രട്ടറി എ.പി. അനിൽ കുമാറുമായി ചർച്ച നടത്തിയ അൻവർ യുഡിഎഫ് പ്രവേശനം ചർച്ച ചെയ്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷവും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് അൻവർ അടവ് മാറ്റുന്നത്. അനുകൂലമായ ഒരു മറുപടിയും ലഭിക്കുന്നില്ലെങ്കിൽ പി.വി. അൻവർ സ്ഥാനാർഥിയാകണമെന്ന പ്രചാരണവും നടക്കുന്നുണ്ട്.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിൽ അൻവർ നേരത്തെ അഭിപ്രായം പറഞ്ഞതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുയർന്നിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പിന് മുമ്പുള്ള യുഡിഎഫ് പ്രവേശനം എന്ന അൻവറിൻ്റെ ആവശ്യം. സമ്മർദത്തിന് വഴങ്ങേണ്ട എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ അഭിപ്രായം. അൻവറിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ധാരണ.