വർഗീയശക്തികൾക്ക് മുതലെടുക്കാനുള്ള സാഹചര്യമൊരുക്കാതെ രമ്യമായി പരിഹരിക്കാനുള്ള ശ്രമം സർക്കാർ എടുക്കണം
മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടി കൊണ്ടുപോയത് സംസ്ഥാന സർക്കാരെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ യഥാർത്ഥ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഒരു മണിക്കൂർ കൊണ്ട് തീർക്കാൻ കഴിയുമായിരുന്നു. ഇപ്പോഴും പരിഹാര നിർദ്ദേശങ്ങളുമായി സർക്കാർ മുന്നോട്ടു വന്നിട്ടില്ല. പ്രശ്നപരിഹാരത്തിന് സർക്കാരായിരുന്നു ശ്രമിക്കേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
മുനമ്പത്ത് നിന്ന് ഒരാളെപ്പോലും ഇറക്കിവിടാൻ ഞങ്ങൾ അനുവദിക്കില്ല. എല്ലാ മുസ്ലിം സംഘടനകളും മുനമ്പത്ത് ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളതാണ്. വർഗീയശക്തികൾക്ക് മുതലെടുക്കാനുള്ള സാഹചര്യമൊരുക്കാതെ രമ്യമായി പരിഹരിക്കാനുള്ള ശ്രമം സർക്കാർ എടുക്കണം. ബിജെപി ശ്രമിക്കുന്നത് തന്നെയാണ് സിപിഎമ്മും ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാരിന് ആശ്വാസം ഹൈക്കോടതി വിധി. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. ജുഡീഷ്യൽ കമ്മീഷന്‍ നിയമനം റദ്ദാക്കികൊണ്ടുള്ള സിംഗിൾബെഞ്ച് ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.