ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് രോഹിത് നാട്ടിലെ ടെസ്റ്റില്‍ ഡക്ക് ആയിരിക്കുന്നത്.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മടങ്ങിയത് റണ്‍സൊന്നുമെടുക്കാതെ. ഒമ്പത് പന്തുകള്‍ നേരിട്ട ഹിറ്റ്മാന്‍ ടിം സൗത്തിക്ക് മുന്നിലാണ് 'ഡക്ക്‌മാന്‍' ആയത്. ഏറെ നിര്‍ണായകമായ മത്സരത്തില്‍ 'സംപൂജ്യനാ'യതിനൊപ്പം നാണക്കേടിന്റെ റെക്കോഡും താരം സ്വന്തമാക്കി. 34-ാം തവണയാണ് രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താകുന്നത്. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരില്‍ കൂടുതല്‍ തവണ ഡെക്കായവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമാണ് രോഹിതിന്റെ സ്ഥാനം. റണ്‍ മെഷീന്‍ വിരാട് കോഹ്‍ലിയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ വിരാട് 38 തവണയാണ് സ്കോര്‍ ബോര്‍ഡ് തുറക്കുംമുമ്പേ കൂടാരം കയറിയത്.
ALSO READ : നഥാന്‍ ലിയോണിനെയും മറികടന്ന് അശ്വിന്‍; സ്വന്തമാക്കിയത് ചരിത്രനേട്ടം
ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് രോഹിത് നാട്ടിലെ ടെസ്റ്റില്‍ ഡക്ക് ആയിരിക്കുന്നത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ടിം സൗത്തിയാണ് രോഹിതിന്റെ വിക്കറ്റെടുത്തത്. ഇതോടെ സൗത്തിയും റെക്കോഡിനൊപ്പമെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിതിന്റെ വിക്കറ്റ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ ബൗളറെന്ന റെക്കോഡില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയ്ക്കൊപ്പമാണ് സൗത്തി. വിവിധ ഫോര്‍മാറ്റുകളിലായി 14 തവണയാണ് ഇരുവരും രോഹിതിനെ പുറത്താക്കിയിട്ടുള്ളത്. ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസാണ് തൊട്ടു പിന്നില്‍. പത്ത് തവണയാണ് മാത്യൂസ് രോഹിതിനെ പുറത്താക്കിയിട്ടുള്ളത്.
ALSO READ: "പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തും, ഇങ്ങനെയൊരു മത്സരഫലം ഒട്ടും പ്രതീക്ഷിച്ചില്ല"