ആഫ്രിക്കയിലും ഏഷ്യയിലുമായി നൂറ് കണക്കിന് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ആഗ ഖാൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്
കോടീശ്വരനും ഇസ്മായിലി ഷിയാ സമൂഹത്തിൻ്റെ ആത്മീയ നേതാവുമായ ആഗാ ഖാൻ അന്തരിച്ചു. 88 വയസ്സായിരുന്നു. ആഗാ ഖാൻ ഫൗണ്ടേഷൻ്റെ സ്ഥാപകൻ കൂടിയായ ആഗാ ഖാൻ, ഷിയാ ഇസ്മായിലി വിശ്വാസികളുടെ 49ാമത്തെ നേതാവാണ്. ആഫ്രിക്കയിലും ഏഷ്യയിലുമായി നൂറ് കണക്കിന് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ആഗ ഖാൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്.
പ്രവാചകൻ മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികളാണെന്ന് അവകാശപ്പെടുന്ന ഇസ്മായിലി മുസ്ലീങ്ങളുടെ 49-ാമത്തെ പാരമ്പര്യ ഇമാമായിരുന്നു രാജകുമാരൻ കരിം ആഗാ ഖാൻ. ചൊവ്വാഴ്ച പോർച്ചുഗലിലെ ലിസ്ബണിൽ വച്ചായിരുന്നു അന്ത്യം. മൂന്ന് ആൺമക്കളും ഒരു മകളുമുൾപ്പെടെ നാല് മക്കളാണ് ആഗാ ഖാനുള്ളത്.
15 ദശലക്ഷം മുസ്ലിം വിശ്വാസികളാണ് ഷിയാ ഇസ്മാഈലി വിഭാഗത്തിലുള്ളത്. ഇതിൽ ഭൂരിഭാഗം പേരും പാകിസ്ഥാനിലാണ്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും ഷിയാ ഇസ്മാഈലി വിഭാഗത്തിലുള്ളവരുണ്ട്. നിയുക്ത പിൻഗാമിയുടെ പ്രഖ്യാപനം തുടർന്ന് ഉണ്ടാകുമെന്ന് നെറ്റ്‌വർക്ക് അറിയിച്ചു.
പ്രിൻസ് കരീം ആഗ ഖാൻ എന്നായിരുന്നു ആഗ ഖാൻ അറിയപ്പെട്ടിരുന്നത്. ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച് 2008 ൽ ആഗ ഖാൻ്റെ ആസ്തി 1 ബില്യൺ ഡോളർ ആയിരുന്നു. സ്വകാര്യ ജെറ്റുകൾ, 200 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു സൂപ്പർ യാച്ച്, ബഹാമാസിലെ ഒരു സ്വകാര്യ ദ്വീപ് എന്നിങ്ങനെ നീളുന്നു ആഗാ ഖാൻ്റെ സമ്പത്ത്.
ബ്രിട്ടീഷ്, ഫ്രഞ്ച്, സ്വിസ്, പോർച്ചുഗീസ് പൗരത്വങ്ങൾ ആഗാ ഖാൻ കൈവശം വെച്ചിരുന്നു. എലിസബത്ത് രാജ്ഞിയുമായും ചാൾസ് രാജാവുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആഗ ഖാൻ, ചാരിറ്റി സംബന്ധമായ വിഷയങ്ങളിലും പ്രശസ്തനായിരുന്നു. നൂറ് കണക്കിന് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ആഗ ഖാൻ ഫൗണ്ടേഷൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്.