സർക്കാർ സ്കൂളിലെ ശുചിമുറിയിൽ വെച്ച് അധ്യാപകർ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ പതിമൂന്നുകാരിയായ വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. ബർഗൂർ താലൂക്കിലെ പോച്ചമ്പള്ളിക്ക് സർക്കാർ സ്കൂളിലെ ശുചിമുറിയിൽ വെച്ച് അധ്യാപകർ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. മൂന്ന് അധ്യാപകരെയും പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജനുവരി 5 മുതൽ വിദ്യാർഥിനി സ്കൂളിൽ പോയിരുന്നില്ല. കുട്ടിക്ക് കടുത്ത വയറുവേദനയാണെന്നായിരുന്നു മാതാപിതാക്കളുടെ വിശദീകരണം. എന്നാൽ മാതാപിതാക്കളുടെ വിശദീകരണം വിശ്വാസത്തിലെടുക്കാതെ സ്കൂളിലെ പ്രധാനാധ്യാപകൻ വിദ്യാർഥിയുടെ വീട്ടിലെത്തി കാര്യം അന്വേഷിച്ചു. ഇതോടെയാണ് വിഷയം പുറത്തെത്തുന്നത്.
ALSO READ: ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ; ഡൽഹിയുടെ വിധി കാത്ത് മുന്നണികൾ
പ്രധാനധ്യാപകൻ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് മാതാപിതാക്കൾ സംഭവം വിവരിക്കുന്നത്. ജനുവരി 2ന് സ്കൂൾ കോമ്പൗണ്ടിനകത്തുള്ള ശുചിമുറിയിൽ വെച്ചായിരുന്നു ലൈംഗികാതിക്രമം. സ്കൂളിലെ ശുചിമുറിയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകർ മാറിമാറി പീഡിപ്പിച്ചു എന്നാണ് ആരോപണം. ചിന്നസാമി, അറുമുഖം, പ്രകാശ് എന്നീ മൂന്ന് അധ്യാപകർക്കെതിരെയാണ് പരാതി.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൂന്ന് പേരെയും സസ്‌പെൻഡ് ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.