ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കുന്നതിന് പകരം സമാനസ്വഭാവമുള്ള പരാതികൾ ഒന്നായി കണ്ട് കേസെടുക്കാനാണ് ക്രൈം ബ്രാഞ്ചിൻ്റെ പദ്ധതി
സിഎസ്ആർ തട്ടിപ്പിൽ ആയിരക്കണക്കിന് പരാതിക്കാർ രംഗത്തെത്തിയതോടെ പൊലീസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ക്രൈം ബ്രാഞ്ചിൻ്റെ കൊച്ചി യൂണിറ്റിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിങ് ആയിരിക്കും കേസ് അന്വേഷിക്കുക. ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കുന്നതിന് പകരം സമാനസ്വഭാവമുള്ള പരാതികൾ ഒന്നായി കണ്ട് കേസെടുക്കാനാണ് ക്രൈം ബ്രാഞ്ചിൻ്റെ പദ്ധതി. നാളെയും വരും ദിവസങ്ങളിലും കൂടുതൽ പേർ പരാതികളുമായി എത്തുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നു. അതോടെ തട്ടിപ്പിൻ്റെ യഥാർഥ വ്യാപ്തിയും വെളിപ്പെടും.
സിഎസ്ആർ തട്ടിപ്പ് പുറത്തുവന്നതോടെ വിവിധ ജില്ലകളിലിൽ നിന്നായി പരാതിപ്രളയം തന്നെയാണ് ഉണ്ടായത്. വഞ്ചനയ്ക്ക് ഇരയായ ആയിരക്കണക്കിനാളുകൾ എത്തിയതോടെ ഓരോ കേസിലും എഫ്ഐആർ ഇടുകയെന്നത് പ്രായോഗികമായി അസാധ്യമായി. കണ്ണൂർ സിറ്റിയിൽ മാത്രം എഴുന്നൂറോളം പരാതികളാണ് സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ ലഭിച്ചതെന്ന് കമ്മീഷണർ നിധിൻ രാജ് പറഞ്ഞു.
കണ്ണൂരിലെ പരാതിയിൽ ഏഴാം പ്രതിയാക്കിയാണ് കെപിസിസി വൈസ് പ്രസിഡൻ്റ് ലാലി വിൻസൻ്റിനെതിരെ കേസെടുത്തത്. കണ്ണൂരിലെ സീഡ് സൊസൈറ്റി ഓഫീസിൽ നടത്തിയ റെയ്ഡിൽ രേഖകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഓഫീസ് സീൽ ചെയ്തു. തട്ടിപ്പിൽ സഹകരിച്ച മറ്റ് എൻജിഒകളും നിരീക്ഷണത്തിലാണ്. ഇവിടങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന ഉണ്ടാകും.
എറണാകുളം ജില്ലയിലും പരാതികൾ കുമിഞ്ഞുകൂടുകയാണ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. ഇടുക്കി ജില്ലയിലും പരാതിയുമായി നിരവധി പേർ എത്തി. മൂന്ന് പരാതികളിൽ നിന്ന് മാത്രം ഒൻപതരക്കോടിയുടെ തട്ടിപ്പ് കണ്ടെത്തിയെന്ന് ഇടുക്കി എസ്പി പറഞ്ഞു. ഒരു കുടുംബത്തിൽ മാത്രം 6 ലക്ഷം രൂപ നഷ്ടമായവരും പരാതിക്കാരിലുണ്ട്. ഇടുക്കിയിലെ ബിജെപി നേതാവായ ഗീത കുമാരിയിൽ നിന്ന് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ആലപ്പുഴ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി പ്രവാഹം തുടരുന്നു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ മാത്രം ഇതുവരെ 455 പരാതികളാണ് ലഭിച്ചത്. തിരുവനന്തപുരത്തും അനന്തു കൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പോത്തൻകോട് സ്റ്റേഷനിൽ എത്തിയത് പരാതിയുമായി പത്തോളം പേരാണ് എത്തിയത്. എന്നാൽ പൊലീസിനെതിരെയും ചില പരാതിക്കാർ രംഗത്തെത്തിട്ടുണ്ട്. പരാതിയിൽ കേസെടുക്കുന്നില്ലെന്നാണ് ആരോപണം.