ജന്മം കൊണ്ട് മാത്രം ഒരാളുടെ ജാതി നിർണയിക്കാനാകില്ലെന്ന പരാമർശവും നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു
ഒരു രാജ്യം ഒരു ഭാഷ വിഷയത്തിൽ നിലപാട് മാറ്റി ആർഎസ്എസ്. ഇന്ത്യയിൽ സംസാരിക്കുന്ന എല്ലാ ഭാഷകളും ദേശീയ ഭാഷയാണെന്ന് ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു. ഒരു ഭാഷ പരമോന്നതമാണെന്ന മിഥ്യാധാരണ സൃഷ്ടിക്കപ്പെടുന്നു എന്നും ഭയ്യാജി ജോഷി പറഞ്ഞു. രാജസ്ഥാനിലെ ജയ്‌പൂരിലെ വിജയദശമി ആഘോഷത്തിനിടെയായിരുന്നു നേതാവിൻ്റെ പ്രസ്താവന.
"സംസ്ഥാനങ്ങൾ വ്യത്യസ്തമാണ്, അവയുടെ ഭാഷകൾ വ്യത്യസ്തമാണ്. ഈ സംസ്ഥാനങ്ങളിലുള്ള കൊച്ചു കൊച്ചു സംസ്കാരങ്ങൾ പോലും വ്യത്യസ്തമാണ്. ഒരു ഭാഷയാണ് പരമോന്നതമെന്ന അനാവശ്യ മിഥ്യാധാരണ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നുണ്ട്. തമിഴോ, മലയാളമോ, മറാത്തിയോ, ഗുജറാത്തിയോ, ബംഗാളിയോ, ഹിന്ദിയോ ആകട്ടെ, ഇന്ത്യയിൽ സംസാരിക്കുന്ന എല്ലാ ഭാഷകളും ദേശീയ ഭാഷയാണ്. ഈ ഭാഷകളുടെയെല്ലാം പിന്നിലെ ആശയം ഒന്നാണ്. ഭാഷകൾ വ്യത്യസ്തമാണെങ്കിലും നമ്മുടെ ചിന്തകൾ ഒന്നുതന്നെയാണ്," ഭയ്യാജി ജോഷി പറഞ്ഞു.
എന്നാൽ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ദേശീതലത്തിൽ ബിജെപി മുഖം മിനുക്കുന്നതിൻ്റെ ഭാഗമായാണ് ഏകഭാഷ എന്ന ആശയത്തിൽ നിന്നുള്ള പിന്തിരിയെലെന്നാണ് സൂചന. ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചപ്പോഴും ഹിന്ദി നിർബന്ധിത ഭാഷയാക്കുന്ന ഒരു രാജ്യം ഒരു ഭാഷ സങ്കൽപ്പത്തിനെതിരെ നിലയുറപ്പിച്ച സംസ്ഥാനങ്ങളായിരുന്നു കേരളം, തമിഴ്നാട്, ഒഡീഷ തുടങ്ങിയവ. ഹിന്ദുത്വ അജണ്ടയുള്ളവരുടെ പ്രധാന സാംസ്‌കാരിക ദൗത്യമാണ് സംസ്കൃത നിഷ്ഠമായ ഹിന്ദിയെ കൊണ്ടുവരുകയെന്നതെന്നും, സംസ്‌കൃതത്തിന് ബദലായാണ് ഹിന്ദിയെ അവര്‍ കാണുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു. പിന്നാലെ സംസ്കൃതത്തെ ഇന്ത്യയുടെ ഭാഷയാക്കി മാറ്റുമെന്നും അതിൻ്റെ പ്രാരംഭ പടികൾ മാത്രമാണ് ഹിന്ദി വാദത്തിന് പിന്നിലുള്ളതെന്നുമാണ് രാഷ്ട്രീയ വാദം.
ജന്മം കൊണ്ട് മാത്രം ഒരാളുടെ ജാതി നിർണയിക്കാനാകില്ലെന്ന പരാമർശവും നേതാവിൻ്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ അതിരുകൾ മനുഷ്യർക്കിടയിൽ വ്യത്യസ്തതയുണ്ടാക്കുന്നില്ല, ഇത്തരത്തിൽ ജനനം കൊണ്ട് മാത്രം ജാതീയത സൃഷ്ടിക്കരുതെന്നായിരുന്നു ഭയ്യാജി ജോഷിയുടെ പ്രസ്താവന. ഭരണഘടനയുടെ ആമുഖത്തിൽ ഡോക്ടർ ഭീംറാവു അംബേദ്കർ രാജ്യത്തെ ഇന്ത്യയെന്നാണ് അവതരിപ്പിച്ചതെന്നും കർണാടക, ഒഡീഷ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളായല്ലെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.