'RSS ക്യാമ്പില്‍ നേരിട്ട് വന്ന് RSSന്റെ അച്ചടക്കത്തേയും രാജ്യസ്‌നേഹത്തേയും പ്രകീര്‍ത്തിച്ച മഹാത്മാഗാന്ധിയെ തുഷാര്‍ ഗാന്ധിയാണ് മനസ്സിലാക്കേണ്ടത്'
സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച തുഷാര്‍ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. മഹാത്മാ ഗാന്ധിയുടെ പിന്‍മുറക്കാരന്‍ എന്ന നിലയില്‍ തലച്ചോറ് അര്‍ബന്‍ നക്‌സലുകള്‍ക്ക് പണം വെച്ചയാളാണ് തുഷാര്‍ ഗാന്ധി. രാജ്യത്തെ നാണം കെടുത്താനാണ് ശ്രമമെന്നും കുറ്റപ്പെടുത്തിയ എസ് സുരേഷ് തുഷാര്‍ ഗാന്ധിയെ മാനസിക രോഗിയെന്നും വിളിച്ചു.
'ഗാന്ധിയനായ ജി.ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദനം ചെയ്യവെ മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കിയതിലൂടെ തുഷാര്‍ ഗാന്ധി മഹാത്മാവിനേയും ഗോപിനാഥന്‍നായരേയും അപമാനിക്കുകയായിരുന്നു. ഇത്തരം മാനസികരോഗികളെ കൊണ്ടു വന്ന ഗാന്ധിമിത്രമണ്ഡലം എന്ന പേപ്പര്‍ സംഘടനയുടെ ഉദ്ദേശശുദ്ധി സംശയകരമാണ്,' എസ് സുരേഷിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
RSS ക്യാമ്പില്‍ നേരിട്ട് വന്ന് RSSന്റെ അച്ചടക്കത്തേയും രാജ്യസ്‌നേഹത്തേയും പ്രകീര്‍ത്തിച്ച മഹാത്മാഗാന്ധിയെ തുഷാര്‍ ഗാന്ധിയാണ് മനസ്സിലാക്കേണ്ടത്. പത്മശ്രീ ഗോപിനാഥന്‍ നായരെ അനുസ്മരിക്കേണ്ട വേദി മലിനമാക്കിയ തുഷാര്‍ ഗാന്ധിക്കെതിരെ വാര്‍ഡ് ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചുവെങ്കില്‍ അത് സ്വാഭാവികമാണെന്നും സുരേഷ് പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ ആത്മാവില്‍ കാന്‍സര്‍ പടര്‍ത്തുന്നത് ആര്‍എസ്എസ് ആണെന്ന നിലപാടിന്റെ പേരില്‍ തുഷാര്‍ ഗാന്ധിയെ വേട്ടയാടന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.
സിപിഐയും ഡിവൈഎഫ്‌ഐയും തുഷാര്‍ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തി. ഗാന്ധിജിയെ വെടിവെച്ച് കൊന്ന വെടിയുണ്ടയും അതിന് പിറകിലെ ഗോഡ്‌സെയും ഇപ്പോഴും സജീവമായിരിക്കുന്നു എന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.
ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയ തുഷാര്‍ ഗാന്ധി ആര്‍എസ്എസിനെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. ആര്‍എസ്എസ് വിഷമയമായ പ്രസ്ഥാനം ആണെന്നും രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും, സംഘപരിവാര്‍ ആണ് ക്യാന്‍സര്‍ പടര്‍ത്തുന്നത് എന്നുമായിരുന്നു തുഷാര്‍ ഗാന്ധിയുടെ പ്രസംഗം. ഇതിന് പിന്നാലെ തുഷാര്‍ ഗാന്ധിയെ നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
എന്നാല്‍ ഈ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് തുഷാര്‍ ഗാന്ധി ന്യൂസ് മലയാളത്തോട് പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ തന്നെ തടഞ്ഞ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.