രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ ക്യാപ്റ്റനും ഓപ്പണറും ആവുമെന്നാണ് ചോപ്ര പ്രവചിക്കുന്നത്
2025ലെ ചാംപ്യന്‍സ് ട്രോഫിയിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും ഉണ്ടാകില്ലെന്നാണ് താൻ കരുതുന്നതെന്ന് മുൻ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഈ രണ്ട് പരമ്പരകൾക്കുമുള്ള ഇന്ത്യൻ സാധ്യതാ ടീമിനെ തൻ്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ആകാശ് ചോപ്ര പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ ക്യാപ്റ്റനും ഓപ്പണറും ആവുമെന്നാണ് ചോപ്ര പ്രവചിക്കുന്നത്.
സൂര്യകുമാര്‍ യാദവ് ടീമില്‍ ഉണ്ടാവില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സൂര്യ സാധാരണയായി അന്താരാഷ്ട്ര ഏകദിനങ്ങളിൽ തിളങ്ങാറില്ല. പോരാത്തതിന് ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി കാര്യമായി റണ്ണും നേടിയിട്ടില്ല. സഞ്ജു സാംസണ്‍ ആകട്ടെ അടുത്തിടെയൊന്നും ഏകദിനങ്ങൾ കളിച്ചിട്ടുമില്ല. ഒരാള്‍ കളിച്ചിട്ടേയില്ല... മറ്റൊരാള്‍ റണ്ണും നേടിയിട്ടില്ല. അതുകൊണ്ട് രണ്ട് പേരും ടീമില്‍ വരാന്‍ സാധ്യതയില്ല," ആകാശ് ചോപ്ര പറഞ്ഞു.
ചോപ്രയുടെ സാധ്യതാ സ്‌ക്വാഡില്‍ മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകകപ്പ് തുടങ്ങിയതിന് ശേഷം 15 ഇന്നിങ്‌സുകളില്‍ നിന്നായി 620 റണ്‍ നേടിയിട്ടുള്ള അയ്യര്‍ക്ക് രണ്ട് സെഞ്ചുറിയുണ്ട്. 112 സ്‌ട്രൈക്ക് റേറ്റും 52 ശരാശരിയുമുള്ള അയ്യര്‍ തകർപ്പൻ ഫോമിലാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കെ.എല്‍. രാഹുലിനേയും റിഷഭ് പന്തിനേയുമാണ് ചോപ്ര പരിഗണിച്ചത്. രാഹുല്‍ 2023 ലോകകപ്പിന് ശേഷം 14 ഇന്നിങ്‌സുകളില്‍ നിന്നായി 56 ശരാശരിയില്‍ 560 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും നേടി. അന്ന് കീപ്പറായി കളിച്ച രാഹുല്‍ ഇത്തവണെയും കീപ്പറായി കളിച്ചേക്കും," ചോപ്ര പറഞ്ഞു.
ഇംഗ്ലണ്ടുമായിയുള്ള ഇന്ത്യയുടെ മൂന്ന് ഏകദിനങ്ങളുള്ള പരമ്പര ഫെബ്രുവരി 6ന് നാഗ്പൂരില്‍ വെച്ച് തുടക്കമാകും. ഫെബ്രുവരി 19ന് തുടങ്ങാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരേയാണ്.