ഒന്നാം ടി20യിൽ ഡർബനിൽ ദക്ഷിണാഫ്രിക്കക്കെതിരെ പത്ത് സിക്സറുകളാണ് മലയാളി ഓപ്പണർ പറത്തിയത്
സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഡർബനിൽ മാച്ച് വിന്നിങ് ഇന്നിങ്സാണ് കളിച്ചത്. മലയാളി വെടിക്കെട്ട് ബാറ്റർ ആദ്യ ടി20 മത്സരത്തിൽ കടപുഴക്കിയത് ചില നിർണായക നാഴികക്കല്ലുകളാണ്. ടി20യിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറിയെന്നതാണ് അധികമാളുകളും ശ്രദ്ധിച്ചിരിക്കുന്ന നേട്ടം. എന്നാൽ അതിനേക്കാളുപരി നിരവധി നാഴികക്കല്ലുകൾ ഈ മത്സരത്തിൽ താരം മറികടന്നിരുന്നു.
ടി20യിൽ ഒരു മത്സരത്തിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവുമധികം സിക്സറുകളുടെ എണ്ണത്തിൽ രോഹിത് ശർമയുടെ റെക്കോർഡിനൊപ്പമെത്താൻ സഞ്ജുവിനായി. പത്ത് സിക്സറുകളാണ് മലയാളി ഓപ്പണർ പറത്തിയത്.
2017ൽ ഇൻഡോറിൽ വെച്ച് ശ്രീലങ്കക്കെതിരെയാണ് രോഹിത് ശർമ ഒരിന്നിങ്സിൽ 10 സിക്സറുകൾ പറത്തിയത്. അന്ന് 43 പന്തിൽ 118 റൺസാണ് രോഹിത് അടിച്ചെടുത്തത്. 2023ൽ രാജ്കോട്ടിൽ ശ്രീലങ്കയ്ക്കെതിരെ 9 സിക്സറുകൾ പറത്തിയ സൂര്യകുമാർ യാദവാണ് ലിസ്റ്റിലെ മൂന്നാമൻ.
അതിന് പുറമെ ടി20യിൽ ഒന്നിലധികം സെഞ്ചുറികൾ നേടിയ, ഒരു അംഗരാജ്യത്തിൽ നിന്നുള്ള ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു മാറി. ടി20യിൽ ഇന്ത്യക്കാരൻ്റെ അഞ്ചാമത്തെ വേഗമേറിയ സെഞ്ചുറിയാണ് ഡർബനിൽ സഞ്ജു നേടിയത്. 47 പന്തിലാണ് സഞ്ജുവിൻ്റെ രണ്ടാമത്തെ സെഞ്ചുറി പിറന്നത്. ബംഗ്ലാദേശിനെതിരായ സെഞ്ചുറി 40 പന്തിലാണ് പിറന്നത്. അന്ന് 47 പന്തിൽ 117 റൺസാണ് സഞ്ജു നേടിയത്.
രണ്ടാമത്തെ ടി20 സെഞ്ചുറി നേടാനായി ഏറ്റവും കുറച്ച് ഇന്നിംഗ്‌സുകൾ കളിച്ച ഇന്ത്യൻ താരങ്ങളിൽ രണ്ടാമനായും സഞ്ജു മാറി. 30 ഇന്നിങ്സുകളാണ് സഞ്ജു ഇതുവരെ കളിച്ചത്.
സഞ്ജുവിൻ്റെ ടി20 കരിയറിലെ അഞ്ചാമത്തെ സെഞ്ചുറിയാണ് ഡർബനിൽ പിറന്ന 107 എന്ന സ്കോർ. ആഭ്യന്തര ക്രിക്കറ്റിൽ ഉൾപ്പെടെയായി ടി20 ഫോർമാറ്റിൽ ഇതുവരെ നേടിയ സെഞ്ചുറികളുടെ കണക്കിൽ ഇന്ത്യൻ താരങ്ങളിൽ നാലാമതാണ് സഞ്ജു ഇപ്പോഴുള്ളത്.