മെക് സെവൻ വ്യായാമത്തിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്
സ്ത്രീ വിരുദ്ധ പരാമർശത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ പിന്തുണച്ച് എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. മതകാര്യങ്ങളിൽ മുസ്ലീം പണ്ഡിതന്മാർ ഉപദേശം നൽകും, ഉപദേശത്തെ ഉൾക്കൊള്ളാൻ കഴിയാത്തവർ അതിനെ പരിഹസിക്കേണ്ട കാര്യമില്ലെന്നായിരുന്നു സത്താർ പന്തല്ലൂരിന്റെ പ്രതികരണം.
മതവിശ്വാസികളെ ഉപദേശിക്കുന്നതിനെ അടച്ച് ആക്ഷേപിച്ചാൽ അതിൽ മുസ്ലീം സമുദായം ഒറ്റക്കെട്ടായിരിക്കുമെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. അതിൽ സംഘടനപരമായ വിവേചനം ഇല്ല. എം.വി. ഗോവിന്ദന്റെ വിമർശനത്തെ തള്ളിയ എസ്കെഎസ്എസ്എഫ് നേതാവ് മതവിശ്വാസം ഇല്ലാത്തവർ അതിൽ അഭിപ്രായം പറയേണ്ടതില്ലെന്നും പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരോക്ഷ വിമർശനം നടത്തിയിരുന്നു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണ്. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ വിമർശനം.
Also Read: കാന്തപുരം പറഞ്ഞത് സ്വന്തം അഭിപ്രായം, ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ - പുരുഷ സമത്വത്തിൽ: തോമസ് ഐസക്ക്
മെക് സെവൻ വ്യായാമത്തിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നുവെന്നായിരുന്നു കാന്തപുരത്തിന്റെ പ്രധാന വിമർശനം. വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നു കാണിക്കുന്നു. സ്ത്രീ അന്യപുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നു എന്നുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞത്.