ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയക്കപ്പെട്ട ഇന്ത്യ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തു. മറുപടിയായി ലങ്കൻ ബാറ്റർമാർക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
അണ്ടർ 19 ടി20 ലോകകപ്പിൽ ഇന്ത്യൻ വനിതകൾ സൂപ്പർ സിക്സിൽ കടന്നു. ക്വാലാലംപൂരിൽ ഇന്ന് നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ശ്രീലങ്കയെ 60 റൺസിന് തകർത്താണ് ഇന്ത്യൻ പെൺപുലികൾ അടുത്ത റൗണ്ടിലേക്ക് കടന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി അറിയാതെയാണ് ഇന്ത്യൻ ടീം കുതിപ്പ് തുടരുന്നത്.
ഓപ്പണർ ഗൊങ്ങാടി തൃഷയുടെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട ഒന്നാമിന്നിങ്സ് സ്കോർ സമ്മാനിച്ചത്. തൃഷ തന്നെയാണ് കളിയിലെ താരവും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയക്കപ്പെട്ട ഇന്ത്യ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തു. മറുപടിയായി ലങ്കൻ ബാറ്റർമാർക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ലങ്കൻ നിരയിൽ 15 റൺസെടുത്ത രശ്മിക സെവ്വാണ്ടിയാണ് ടോപ് സ്കോറർ. ഇന്ത്യൻ ബൗളർമാരിൽ ഷബ്നം ഷാക്കിൽ, ജോഷിത വി.ജെ, പരുണിക സിസോദിയ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. വൈഷ്ണവി ശർമയും ആയുഷി ശുക്ലയും ഓരോ വിക്കറ്റെടുത്തു.