അപകടത്തെ തുടർന്ന് മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി
തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് 60 വയസുകാരിക്ക് ദാരുണാന്ത്യം. കാവല്ലൂർ സ്വദേശിനി ദാസനി(60)യാണ് മരിച്ചത്. നിരവധി പേർക്ക് പരിക്ക്. കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് ടൂർ പോയവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൂന്നാറിലേക്ക് പോയവരാണ് അപകടത്തിൽ പെട്ടത്. പെരുങ്കടവിള, കീഴാറൂർ ,കാവല്ലൂർ പ്രദേശത്ത് ആളുകളാണ് ഇതിൽ ഉള്ളത്. അതിൽ കൂടുതൽ പേരും കാവല്ലൂർ പ്രദേശത്തെ ആളുകളാണ്.
49ഓളം പേർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് ബസ് ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നെടുമങ്ങാട്, ചെങ്കൽചൂള എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. വളവ് തിരിയുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ALSO READ: ഗുളികയില്‍ നിന്ന് മൊട്ടുസൂചി ലഭിച്ചെന്ന പരാതി; വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്
അപകടത്തെ തുടർന്ന് മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് നിര്‍ദേശം നല്‍കിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ പ്രിയ (40)യെ നെടുമങ്ങാട് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടാതെ 20 ഓളം പേരെയും മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്നാണ് ലഭ്യമാകുന്ന വിവരം.