സത്യം പാലക്കാട്ടെ ജനങ്ങൾക്കറിയാമെന്നും പാലക്കാട്ടുകാരുടെ മനസറിഞ്ഞതിനാലാണ് അൻവർ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കുന്നതെന്നും എംപി കൂട്ടിച്ചേർത്തു
പാലക്കാട് യുഡിഎഫ് വിജയം എൽഡിഎഫ് വോട്ട് കൊണ്ടെന്ന ഇടത് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിൻ്റെ പ്രസ്താവനയിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. സരിൻ മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ പ്രസ്താവന. സത്യം പാലക്കാട്ടെ ജനങ്ങൾക്കറിയാമെന്നും പാലക്കാട്ടുകാരുടെ മനസറിഞ്ഞതിനാലാണ് അൻവർ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കുന്നതെന്നും എംപി കൂട്ടിച്ചേർത്തു.
പാലക്കാട് മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ജയിച്ചത് ഇടതു വോട്ടുകൾ ലഭിച്ചതു കൊണ്ടാണെന്നായിരുന്നു സരിൻ്റെ പ്രസ്താവന. ഇത്തവണ ആ വോട്ടുകൾ യുഎഡിഎഫിന് നിഷേധ വോട്ടുകളാകുമെന്നും പി. സരിൻ പറഞ്ഞിരുന്നു.
2021ലെ തെരഞ്ഞെടുപ്പിൽ ഷാഫിയെ വിജയിപ്പിച്ചത് ഇടതു വോട്ടുകളാണെന്ന ആരോപണമാണ് ഇപ്പോൾ സരിൻ ഉയർത്തിയിരിക്കുന്നത്. അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി.പി. പ്രമോദിനെ ഒപ്പം നിർത്തിയായിരുന്നു സരിൻ്റെ പ്രതികരണം. ഇടതുപക്ഷത്തേയും ഷാഫി വഞ്ചിക്കുകയായിരുന്നു എന്നും സരിൻ ആരോപിച്ചു.
അതേസമയം, പാലക്കാട്ടെ പി.വി. അൻവറിൻ്റെ സ്ഥാനാർഥിയെ പിൻവലിക്കണമെന്നുള്ള വി.ഡി. സതീശൻ്റെയും കുഞ്ഞാലിക്കുട്ടിയുടെയും ആവശ്യത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. പി.വി. അൻവർ സ്ഥാനാർഥിയെ പിൻവലിച്ചാൽ അത് യുഡിഎഫിന് ഗുണം മാത്രമേ ചെയ്യുകയുള്ളുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു.