2016ലാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥിയായിരുന്ന വെമുല ജാതി വിവേചനത്തെ തുടർന്ന് ജീവനൊടുക്കിയത്
വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം ചെറുക്കുന്നതിന് രോഹിത് വെമുല നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് ഈ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അയച്ച കത്തിന് മറുപടി നല്‍കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി. 2016ലാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥിയായ വെമുല ജാതി വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനത്തെ സംബന്ധിച്ച് രാഹുൽ അയച്ച കത്തിനുള്ള മറുപടി സിദ്ധരാമയ്യ എക്സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 'ജാതി, വർഗം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിദ്യാർഥിയും വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ കർണാടകയിൽ രോഹിത് വെമുല നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ ഞങ്ങളുടെ സർക്കാർ ഉറച്ചുനിൽക്കുന്നു. രോഹിത്, പായൽ, ദർശൻ എന്നിങ്ങനെ നിരവധി പേരോടുള്ള ബഹുമാനാർഥം ഞങ്ങൾ ഈ നിയമനിർമാണം എത്രയും വേഗം കൊണ്ടുവരും. ഇവരെല്ലാം അന്തസാണ് അർഹിക്കുന്നത് ഒഴിവാക്കലല്ല', സിദ്ധരാമയ്യ എക്സിൽ കുറിച്ചു.
കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ 'രോഹിത് വെമുല നിയമം' കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രോഹിത് വെമുല അനുഭവിച്ചതിനു സമാനമായ വിവേചനങ്ങൾ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിന്ന് വരുന്ന ഒരു വിദ്യാർഥിയും നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നിർദിഷ്ട നിയമനിർമാണം വഴി ലക്ഷ്യമിട്ടിരുന്നത്.
ഡോ. ബി.ആർ. അംബേദ്കറിന്റെ ജീവിതം എടുത്തുകാട്ടിയാണ് ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി മുൻവിധികളെ രാഹുൽ ഗാന്ധി കർണാടക മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അഭിസംബോധന ചെയ്തിരുന്നത്. ദലിത്-ആദിവാസി-പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികളുമായി അടുത്തിടെയുണ്ടായ ആശയവിനിമയങ്ങളിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചകളും രാഹുൽ കത്തിൽ പങ്കുവെച്ചു. 'ലക്ഷക്കണക്കിന് വിദ്യാർഥികളാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ജാതി വിവേചനം നേരിടുന്നത്. ഈ വിവേചനങ്ങൾ ഭാവി വാഗ്ദാനങ്ങളായ രോഹിത് വെമുല, പായൽ തദ്വി, ദർശൻ സോളങ്കി എന്നിവരുടെ ജീവനെടുത്തു', രാഹുൽ എഴുതി. ഈ മരണങ്ങളെ 'ഭയാനകം' എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. ഇനിയിത് സഹിക്കാനാകില്ലെന്നും ബാബാസാഹേബ് അംബേദ്കറും രോഹിത് വെമുലയും അടക്കം കോടിക്കണക്കിന് ആളുകള്‍ നേരിട്ട ജാതീയത ഇന്ത്യയിലെ ഒരു കുട്ടിക്കും നേരിടേണ്ടി വരരുതെന്നും രാഹുൽ കുറിച്ചു.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ദലിത് പിഎച്ച്ഡി വിദ്യാർഥിയായ രോഹിത് വെമുല 2016 ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്. ജനുവരി 17നാണ് വെമുലയെ യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്യായമായ അച്ചടക്ക നടപടിയിൽ മനംനൊന്താണ് രോഹിത് ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ. എബിവിപി പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എഎസ്‌എ) അംഗമായ വെമുലയെയും മറ്റ് നാല് പേരെയും ഹോസ്റ്റലിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
2015 ഡിസംബറിൽ, സസ്‌പെൻഡ് ചെയ്‌ത വിദ്യാർഥികള്‍ ക്യാംപസിലെ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നത് സർവകലാശാല വിലക്കി. ഇത് ഒരു തരത്തിലുള്ള സാമൂഹിക ബഹിഷ്‌കരണമാണെന്നായിരുന്നു വ്യാപകമായുള്ള വിമർശനം. ഈ വ്യവസ്ഥാപരമായ വിവേചനത്തെപ്പറ്റിയാണ് വെമുല തന്റെ ആത്മഹത്യാക്കുറിപ്പിലും എഴുതിയിരുന്നത്. ജാതി മുൻവിധികൾ സൃഷ്ടിക്കുന്ന മാനസിക ആഘാതത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു രോഹിത് വെമുലയുടെ കത്ത്. വെമുലയുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും അദ്ദേഹം ഒരു ദലിതനല്ലെന്നും വാദിച്ചുകൊണ്ടായിരുന്നു തെലങ്കാന പൊലീസ് 2024 മെയ് മാസത്തിൽ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട്. ഇതും വലിയ രീതിയിൽ വിമർശനത്തിന് വിധേയമായിരുന്നു.