ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് നടത്തിയ വിക്ഷേപണം വിജയകരമായെന്ന് നാസ അറിയിച്ചു
ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കാനുള്ള രക്ഷാദൗത്യം ആരംഭിച്ചു. ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌കിൻ്റെ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സാണ് രക്ഷാദൗത്യത്തിനായി റോക്കറ്റ് വിക്ഷേപിക്കുന്നത്. 'ഫാൽക്കൺ 9' എന്ന റോക്കറ്റാണ് ഇവരെ തിരികെയെത്തിക്കാൻ ബഹിരാകാശത്തേക്ക് പറന്നത്. ബഹിരാകാശ യാത്രികരെ തിരികെകൊണ്ടുവരാനായി ഫാൽക്കണ് രണ്ട് അധിക സീറ്റുകളുണ്ട്. ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് നടത്തിയ വിക്ഷേപണം വിജയകരമായെന്ന് നാസ അറിയിച്ചു.
നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗോർബുനോവുമാണ് രക്ഷാദൗത്യത്തിനായി റോക്കറ്റിലുള്ളത്. വിജയകരമായി വിക്ഷേപണം നടത്തിയ നാസയ്ക്കും സ്പേസ് എക്സിനും അഭിനന്ദനങ്ങളറിയിച്ച് നാസ മേധാവി ബിൽ നെൽസൺ എക്സ് പോസ്റ്റ് പങ്കുവെച്ചു. 2025 ഫെബ്രുവരിയിൽ ബഹിരാകാശ നിലയത്തിൽ നിന്ന് തിരികെ വരുമ്പോൾ സ്റ്റാർലൈനർ സഞ്ചാരികളായ ബുച്ച് വിൽമോർ, സുനിത വില്യംസ് എന്നിവരെയും ഒപ്പം കൂട്ടാനാണ് പദ്ധതി.
ഇക്കഴിഞ്ഞ ജൂൺ 5നാണ് സുനിതാ വില്യംസും സഹയാത്രികനായ ബച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ബഹിരാകാശത്തേക്ക് ആളുകളെ കൊണ്ടു പോകാനും തിരികെ കൊണ്ടുവരാനുമുള്ള ബഹിരാകാശ പേടകത്തിൻ്റെ ശേഷി തെളിയിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
സുനിത വില്യംസിൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയും, ബോയിങ് സ്റ്റാർലൈൻ്റെ ആദ്യ യാത്രയുമായിരുന്നു അത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് പോയതെങ്കിലും നൂറിലധികം ദിവസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ് സുനിതാ വില്യംസും ബുച്ച് മോറും.