fbwpx
SPOTLIGHT | പ്രധാനമന്ത്രി കാണുന്നില്ലേ, 26 ലക്ഷം കോടി ഒലിച്ചുപോയത്
logo

ന്യൂസ് ഡെസ്ക്

Posted : 14 Feb, 2025 02:10 PM

25.57 ലക്ഷം കോടി രൂപയാണ് അടുത്തവര്‍ഷം മൊത്തം നികുതി വരുമാനമായി കിട്ടുമെന്ന് കണക്കാക്കുന്നത്. അതിലേറെ തുകയായ 26 ലക്ഷം കോടിയാണ് ഫെബ്രുവരിയിലെ വെറും ആറു ദിവസംകൊണ്ട് ഓഹരിവിപണിയില്‍ നിന്ന് ആവിയായത്.

NATIONAL


ഫെബ്രുവരിയിലെ ആറു വ്യാപാര ദിവസം കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഒലിച്ചുപോയ പണം എത്രയാണെന്ന് അറിയുമോ? ഒന്നും രണ്ടുമല്ല 26 ലക്ഷം കോടി രൂപയാണ്. ഡല്‍ഹിയില്‍ ബിജെപി ഭരണത്തില്‍ വന്ന ആഘോഷവുമായി ഇരുന്ന സമയത്ത് വിദേശ നിക്ഷേപകര്‍ പണം ചാക്കിലാക്കി തിരിച്ചു കൊണ്ടുപോവുകയായിരുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം ധനമന്ത്രി മൊത്തം കണക്കാക്കുന്ന നികുതി വരുമാനത്തേക്കാള്‍ കൂടുതലാണ് ആ ഒലിച്ചുപോയ തുക. 25.57 ലക്ഷം കോടി രൂപയാണ് അടുത്തവര്‍ഷം മൊത്തം നികുതി വരുമാനമായി കിട്ടുമെന്ന് കണക്കാക്കുന്നത്. അതിലേറെ തുകയായ 26 ലക്ഷം കോടിയാണ് ഫെബ്രുവരിയിലെ വെറും ആറു ദിവസംകൊണ്ട് ഓഹരിവിപണിയില്‍ നിന്ന് ആവിയായത്. കാളക്കൂറ്റന്മാര്‍ മേഞ്ഞിരുന്ന ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് മെലിഞ്ഞ് ആടിനെ കെട്ടാവുന്ന പരുവത്തിലായി.


ഒലിച്ചുപോയ 26 ലക്ഷം കോടി




ഇന്ത്യയുടെ ഓഹരി വിപണിയിലെ ആയിരം ഓഹരികള്‍ക്കാണ് 30 ശതമാനം മൂല്യം ഇടിഞ്ഞത്. 100 രൂപയ്ക്ക് വാങ്ങിയ ഓഹരിക്ക് 70 രൂപ മാത്രം വില എന്നതു ശരാശരി മാത്രമാണ്. പല ഓഹരികള്‍ക്കും 80 ശതമാനം വരെ മൂല്യം കുറഞ്ഞു. ഗതികെട്ടവര്‍ 100 രൂപയ്ക്കു വാങ്ങിയ ഓഹരിക്ക് ഇപ്പോള്‍ 20 രൂപയേ മൂല്യമുള്ളൂ എന്ന് അര്‍ത്ഥം. ഓഹരിയുടെ മൂല്യം ഇടിയുക എന്നാല്‍ നിക്ഷേപകന്റെ പണം പോവുക എന്നു മാത്രമല്ല അര്‍ത്ഥം. ആ കമ്പനിയുടെ വിപണി മൂല്യവും നിലംപൊത്തും. ആ മൂല്യം കാണിച്ച് എടുത്തിരുന്ന വായ്പകള്‍ തിരികെ അടയ്ക്കാന്‍ പണം കണ്ടെത്തേണ്ടിവരും. ഇതോടെ പലപ്പോഴും കമ്പനികള്‍ തന്നെ പൂട്ടേണ്ട സ്ഥിതിവരും. സാധാരണ സന്ദര്‍ഭങ്ങളില്‍ ഓഹരി ഇടിവുണ്ടായാല്‍ വൈകാതെ തിരിച്ചുകയറും. നിക്ഷേപകര്‍ ലാഭമെടുക്കാനായി വിറ്റൊഴിക്കുമ്പോഴുണ്ടാകുന്ന സാധാരണ സംഭവം മാത്രമാണ് അത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് കൂട്ടക്കുരുതിയാണ്. വിപണിയില്‍ നിന്ന് എങ്ങനെയും വിറ്റൊഴിച്ച് രക്ഷപ്പെടാന്‍ നോക്കുകയാണ് വിദേശ നിക്ഷേപകര്‍. അങ്ങനെയാണ് ആറു ദിവസം കൊണ്ട് ഇരുപത്തിയാറ് ലക്ഷം കോടി രൂപയുടെ മൂല്യം ഓഹരികള്‍ക്ക് നഷ്ടമായത്.


Also Read: ട്രംപിന്റെ MAGA + മോദിയുടെ MIGA = MEGA; ഇന്ത്യ-യുഎസ് ബന്ധത്തിന് പുതിയ സൂത്രവാക്യം 


കടലാസിന്റെ വിലപോലുമില്ലാതെ രൂപ



ഒരു ഡോളറിന് 87 രൂപ അന്‍പതു പൈസയിലേക്കു വരെയാണ് നമ്മുടെ കറന്‍സി ഇടിഞ്ഞുവീണത്. ശ്രീലങ്കയിലും പാകിസ്താനിലും സാമ്പത്തിക പ്രതിസന്ധി തുടങ്ങും മുന്‍പ് രൂപയുടെ മൂല്യം 87ന്റെ പരിസരത്ത് ആയിരുന്നു. ഇപ്പോള്‍ പാകിസ്താനി രൂപയ്ക്ക് 278ഉം ശ്രീലങ്കന്‍ രൂപയ്ക്ക് 298മാണ് മൂല്യം. നമ്മുടെ രൂപ പിടിവിട്ട് വീഴാന്‍ തുടങ്ങിയതോടെ റിസര്‍വ് ബാങ്ക് വ്യാപകമായി ഡോളര്‍ വിറ്റൊഴിച്ചു. അങ്ങനെയാണ് കൂടുതല്‍ തകര്‍ച്ച ഒഴിവാക്കിയത്. പക്ഷേ, 85ന് മുകളിലുള്ള ഈ നില്‍പ് പോലും രൂപയ്ക്ക് താങ്ങാന്‍ കഴിയുന്നതല്ല. ഒരു ഡോളറിന്റെ ഉല്‍പ്പന്നം വാങ്ങാന്‍ ഏഴു മുതല്‍ 10 വരെ രൂപ കൂടുതല്‍ കൊടുക്കേണ്ട സ്ഥിതി. രാജ്യത്താണെങ്കില്‍ കാര്യമായ ശമ്പള വര്‍ധനയോ തൊഴില്‍ വളര്‍ച്ചയോ ഉണ്ടായിട്ടുമില്ല. ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ് സ്വര്‍ണവില. സ്വര്‍ണം പവന് 65,000ന് അടുത്ത് എത്താന്‍ കാരണം ഓഹരിയിലെ വിറ്റൊഴിക്കലാണ്. ഓഹരിയില്‍ നിന്ന് പിന്‍വലിക്കുന്ന തുക കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണത്തിലേക്കു മാറ്റുകയാണ് നിക്ഷേപകര്‍. സാധാരണ വലിയ സാമ്പത്തിക പ്രതിസന്ധി കാലത്തു മാത്രമാണ് ഇതു കാണുന്നത്. ആറുമാസം മുന്‍പ് 1600 രൂപയ്ക്കു മുകളില്‍ ഉണ്ടായിരുന്ന റിലയന്‍സ് ഓഹരിക്ക് ഇപ്പോള്‍ 1200. ഒരു ഓഹരിക്കു 400 രൂപ കുറയുക എന്നാല്‍ 144 കോടി 43 ലക്ഷം ഓഹരികള്‍ക്കും അത്രരൂപ വീതം കുറയുക എന്നാണ്. റിലയന്‍സിന് മാത്രം ആറ് മാസം കൊണ്ട് കുറഞ്ഞത് 28,800 കോടി രൂപയാണ്.


Also Read: ഗാസ: പശ്ചിമേഷ്യയിലെ ട്രംപ് കുടുംബത്തിന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍


ഇടപെടാന്‍ കഴിയാതെ സര്‍ക്കാര്‍



ഓഹരിത്തകര്‍ച്ച രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. ഡോണള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നയങ്ങള്‍കൊണ്ടാണ് ഈ വീഴ്ച എന്നത് കേന്ദ്ര സര്‍ക്കാരിനെ ആശ്വസിപ്പിക്കാന്‍ മാത്രമുള്ള വിവരമാണ്. ട്രംപ് വരുന്നതിന് മാസങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതാണ് ഈ വീഴ്ച. ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ്, തകര്‍ച്ചയുടെ ആഴംകൂട്ടി എന്നേയുള്ളൂ. ഓഹരിയുടെ ഈ വില സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ കേന്ദ്രസര്‍ക്കാരിന്റെ വില വിവരപ്പട്ടിക എടുത്താല്‍ മതി. അതില്‍ മാക്‌സിമം വില എന്നു കൊടുത്തിരിക്കുന്നതാണ് ശരിക്കുള്ള മാനദണ്ഡം. കാരണം ആ വിലകൊടുക്കാതെ അന്നാട്ടിലെ ജനങ്ങള്‍ക്ക് കഞ്ഞികുടിക്കാനാവില്ല. വിലയുടെ കാര്യത്തിലെ ശരാശരി എടുത്താല്‍ അതു തെറ്റാണ്. കാരണം ശരാശരി വില കൊടുത്താല്‍ ഒരുല്‍പ്പന്നവും ആരും തരില്ല.


Also Read: ഏകീകൃത സിവില്‍ നിയമത്തിലും മതമേലധ്യക്ഷ ഭരണമോ?


അരിയുടെ പരമാവധി വില 67. ഒരു കിലോ അരി വാങ്ങാന്‍ നമുക്ക് കേരളത്തില്‍ വേണ്ടത് അന്‍പത് രൂപ. മാഹി ഉള്‍പ്പെടുന്ന പോണ്ടിച്ചേരിയില്‍ 67. ദേശീയ ശരാശരി 42 മാത്രമേയുള്ളു എന്ന കണക്കുമായി ചെന്നാല്‍ നമ്മുടെ പലചരക്കുകടയില്‍ നിന്ന് അരി തരുമോ? ഗോതമ്പ് വില 59 വരെ. ആട്ടയ്ക്ക് കിലോയ്ക്ക് 71 വരെ. തുവരപ്പരിപ്പിന് 187, ഉഴുന്നിന് 161. പഞ്ചസാര കേരളത്തില്‍ നാല്‍പ്പത്തിനാലര രൂപയാണെങ്കില്‍ ലക്ഷദ്വീപില്‍ 55 കൊടുക്കണം. രാജ്യത്തെ ഉര്‍ന്ന വില അറുപതും. പാമോയിലിന് 176 രൂപവരെയാണ് ചിലയിടങ്ങളില്‍. കിഴങ്ങിന് 65 വരേയും ഉള്ളിക്ക് 80 വരേയും തക്കാളിക്ക് 100 രൂപ വരെയുമാണ് വില. ഇതൊക്കെ താങ്ങാന്‍ എത്ര കുടുംബങ്ങള്‍ക്കു കഴിയും.


ഓഹരി ഉലയ്ക്കുന്നത് സാധാരണക്കാരേയും



ഓഹരിയിലെ തകര്‍ച്ച അടിയന്തര ഇടപെടല്‍ അര്‍ഹിക്കുന്നത് ഇതുകൊണ്ടാണ്. ഉല്‍പന്ന വില ചോദിക്കുമ്പോള്‍ ശരാശരി പറഞ്ഞു കയ്യൊഴിഞ്ഞാല്‍ ഇന്ത്യപോലൊരു രാജ്യത്ത് വിലപ്പോകില്ല. ഇത്രയും വിശാലമായ രാജ്യത്ത് പലയിടത്തും പല വിലയാണ്. അതുതാങ്ങാന്‍ ആ ജനതയ്ക്കു കെല്‍പ്പുണ്ടോ എന്ന അന്വേഷണമാണ് നടത്തേണ്ടത്. ദിവസം 67 രൂപയ്ക്ക് പൊതുവിപണിയില്‍ നിന്ന് അരിവാങ്ങേണ്ട കുടുംബങ്ങള്‍ എങ്ങനെ കഴിയുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ. റേഷന്‍ അരി വിലക്കുറവില്‍ കിട്ടുന്ന നിറമുള്ള കാര്‍ഡ് ഇല്ലാത്തവരാണ് സഹസ്രകോടികള്‍. അവര്‍ക്ക് ഈ ഉയര്‍ന്ന വില താങ്ങാന്‍ കഴിയുന്നുണ്ടോ? ഇന്ത്യയില്‍ വിപണി ഉണരുന്നില്ല എന്നതിന്റെ സൂചകമാണ് ഈ പുറത്തുവരുന്ന കണക്കുകള്‍. ഓഹരി വിലത്തകര്‍ച്ച പറഞ്ഞുവയ്ക്കുന്നത് നമ്മുടെ കമ്പനികളിലുള്ള പ്രതീക്ഷ ഇല്ലാതാകുന്നു എന്നാണ്. കമ്പനിയില്‍ പ്രതീക്ഷ ഇല്ലാതായാല്‍ അവയെ ആശ്രയിക്കുന്ന ലക്ഷങ്ങളുടെ തൊഴിലിനെ ബാധിക്കും. ഈ കമ്പനികള്‍ വിപണിയില്‍ ഇറക്കുന്ന കോടിക്കണക്കിനു രൂപയുടെ ഉല്‍പ്പന്നങ്ങളെ ബാധിക്കും.വിപണി തന്നെ അതോടെ തകര്‍ന്നടിയുകയും ചെയ്യും. 26 ലക്ഷം കോടിയൊക്കെ വിപണിയില്‍ നിന്ന് ഒലിച്ചുപോകുന്നതുകണ്ട് ധനമന്ത്രാലയത്തിന് കൈകെട്ടി നില്‍ക്കാന്‍ കഴിയുമോ?


KERALA
"പൊലീസിൻ്റെ വേട്ടയാടലല്ല, കഞ്ചാവ് ഉപയോഗിച്ചിരുന്നു"; മാധ്യമങ്ങളോട് വേടൻ്റെ ആദ്യ പ്രതികരണം
Also Read
user
Share This

Popular

KERALA
MOVIE
"പൊലീസിൻ്റെ വേട്ടയാടലല്ല, കഞ്ചാവ് ഉപയോഗിച്ചിരുന്നു"; മാധ്യമങ്ങളോട് വേടൻ്റെ ആദ്യ പ്രതികരണം