ഫ്ലാറ്റിൽ നിന്നും കൊടുവാളും കത്തിയും കണ്ടെത്തിയ സാഹചര്യത്തിൽ വേടനെതിരെ ആയുധ നിരോധന നിയമ പ്രകാരം കേസെടുക്കാനും സാധ്യതയുണ്ട്
ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിന് പിന്നാലെ താൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് തുറന്ന് സമ്മതിച്ച് വേടൻ. പൊലീസിന്റെ വേട്ടയാടലാണോ ഇതെന്ന ചോദ്യത്തിന്ന് അല്ലെന്നായിരുന്നു വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിയുടെ മറുപടി. ബാക്കിയെല്ലാം പിന്നീട് പറയാമെന്നും വേടൻ പ്രതികരിച്ചു. കസ്റ്റഡിയിലെടുത്തത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് വേടൻ മറുപടി നൽകിയത്.
ഇന്ന് രാവിലെയാണ് വേടൻ്റെ ഫ്ലാറ്റിൽ നിന്നും 7 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടിയത്. ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് വേടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് വേടൻ വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ നിന്ന് 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. വേടൻ്റെ വൈദ്യ പരിശോധന പൂർത്തിയാക്കി വേടനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ALSO READ: ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തി; റാപ്പർ വേടൻ അറസ്റ്റിൽ
വേടനെതിരെ ആയുധ നിരോധന നിയമ പ്രകാരം കേസെടുക്കാനും സാധ്യതയുണ്ട്. ഫ്ലാറ്റിൽ നിന്നും കൊടുവാളും കത്തിയും കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുക്കുമെന്ന വാർത്ത പുറത്തുവരുന്നത്. വേടന്റെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങളല്ലെന്നും കേസ് എടുക്കുന്നത് പരിശോധിക്കുമെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
അതേസമയം വേടന് കിട്ടിയത് ഇന്ത്യൻ പുലിയുടെ പല്ലാണെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. ഇത് തമിഴ്നാട്ടിലെ ഒരു ആരാധകൻ നൽകിയതാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. വേടനെതിരെ മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്താനൊരുങ്ങുകയാണ് വനംവകുപ്പ്.
പൊലീസിൻ്റെ ലഹരി പരിശോധനയ്ക്ക് പിന്നാലെയാണ് വനംവകുപ്പ് വേടൻ്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്. തുടർന്ന് മാലയിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും വേടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. വേടനെ കോടനാട് ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ട് പോകാനൊരുങ്ങുകയാണ് വനംവകുപ്പ്. നാളെ കോടതിയിൽ ഹാജരാക്കാനും തീരുമാനമായി.