ദൃശ്യഭാഷ നോക്കി പഠിക്കാന്‍ പറ്റുന്ന ഒരു ഫിലിം മേക്കറാണ്. ആ ഒരു അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ നമ്മെ ദൃശ്യകരമായി വളരെയധികം സ്വാധീനിച്ചിട്ടുമുണ്ട്: ഡോ. ബിജു
ഷാജി എന്‍. കരുണ്‍ പുതിയ തലമുറയിലെ സംവിധായകര്‍ക്ക് വലിയൊരു പാഠപുസ്തകമാണെന്ന് ഡോ. ബിജു. ഒരു അനിയനോടെന്ന സ്‌നേഹം തന്നോട് എപ്പോഴും ഉണ്ടായിരുന്നെന്നും വ്യക്തിപരമായി വിയോഗത്തില്‍ ദുഃഖമുണ്ടെന്നും ഡോ. ബിജു ന്യൂസ് മലയാളത്തോട് പറഞ്ഞു.
"വ്യക്തിപരമായി വളരെ അടുപ്പമുള്ള ഒരാളായിരുന്നു. പുതിയ തലമുറയിലുള്ളവരോട് അടുത്ത് പെരുമാറുകയും ഒരു ജേഷ്ഠസഹോദരനെ പോലെ പെരുമാറുകയും ചെയ്യുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ വളരെ വ്യക്തിപരമായ അടുപ്പം അദ്ദേഹവുമായി ഉണ്ട്. ഒരു അനിയനോട് എന്ന സ്നേഹം എപ്പോഴും ഉണ്ടായിരുന്ന ആളാണ് ഷാജി സാര്‍. അതുകൊണ്ട് തന്നെ ഒട്ടേറെ കാര്യങ്ങള്‍ക്ക് അദ്ദേഹം ഒപ്പം ഉണ്ടാവുകയെല്ലാം ചെയ്തിട്ടുണ്ട്. സര്‍ക്കാരുമായുള്ള പല കാര്യങ്ങളിലും ഒന്നിച്ച് പ്രവര്‍ത്തിക്കാനും ഇടയുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യക്തിപരമായ വലിയൊരു ദുഃഖമുണ്ട് അദ്ദേഹത്തിന്റെ വിയോഗത്തില്‍. ഫിലിം മേക്കര്‍ എന്ന നിലയില്‍ മലയാള സിനിമയെ അന്തര്‍ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ അടയാളപ്പെടുത്തിയ ആളെന്നതിന് അപ്പുറത്ത്, പുതിയ തലമുറയിലെ ആളുകളോട് വളരെ അടുപ്പത്തോടു കൂടി ഇടപഴകുന്ന വ്യക്തി എന്ന നിലയിലും വലിയ നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം," ഡോ. ബിജു പറഞ്ഞു.
ALSO READ: ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍. കരുണ്‍ അന്തരിച്ചു
"എനിക്ക് പ്രിയപ്പെട്ട അദ്ദേഹത്തിന്റെ ഒരുപാട് സിനിമകളുണ്ട്. പിറവി, കുട്ടിസ്രാങ്ക്, ഓള്.. എല്ലാത്തിലും സിനിമാറ്റിക് ലാങ്വേജ് വളരെ മനോഹരമായി ചെയ്യുന്ന ആളാണ് അദ്ദേഹം. ദൃശ്യഭാഷ നോക്കി പഠിക്കാന്‍ പറ്റുന്ന ഒരു ഫിലിം മേക്കറാണ്. ആ ഒരു അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ നമ്മെ ദൃശ്യപരമായി വളരെയധികം സ്വാധീനിച്ചിട്ടുമുണ്ട്. പിന്നെ 'ഓള്' ചെയ്യുന്ന സമയത്ത് അതിന്റെ ലൊക്കേഷനില്‍ ഒന്നിച്ച് സമയം ചിലവഴിക്കാന്‍ അവസരം ലഭിച്ചിരുന്നു. അതെല്ലാം തന്നെ വളരെ ഇന്‍സ്‌പൈറിംഗ് ആയിട്ടുളള കാര്യമാണ്. സിനിമയെ എങ്ങനെയാണ് അന്തര്‍ദേശീയമായി കണ്‍സീവ് ചെയ്യുന്നത്, പിന്നെ വിഷ്വലിനെയും പ്രമേയത്തെയുമെല്ലാം എങ്ങനെയാണ് പ്ലേസ് ചെയ്യേണ്ടതെന്നും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുള്ളത് തന്നെയാണ്," ഡോ. ബിജു പറഞ്ഞു.
"കാനില്‍ ഒരു മലയാള സിനിമ ആദ്യമായി കോംപറ്റീഷനില്‍ വരുന്നതൊക്കെ അദ്ദേഹത്തിന്റേതാണ്. പിറവിയും സ്വം ഒക്കെയാണ് അത്തരം സിനിമകള്‍. സ്വം ആണ് ആദ്യം കോംപറ്റീഷനില്‍ വന്നത്. പിന്നെ കാനില്‍ മൂന്ന് തവണയൊക്കെ ഒരു ഫിലിം മേക്കറിന്റെ സിനിമ തിരഞ്ഞെടുക്കപ്പെടുക എന്നത് തന്നെ വലിയൊരു അംഗീകാരമാണ്. അതിന് ശേഷം അദ്ദേഹത്തിന്റെ ഒട്ടേറെ സിനിമകള്‍ അന്തര്‍ദേശീയ മേളകളില്‍ മത്സരിച്ച് പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. അതുകൊണ്ടൊക്കെ തന്നെ അദ്ദേഹത്തിന്റെ കരിയര്‍ എന്നത് ഞങ്ങള്‍ക്കൊക്കെയും പ്രചോദനമായിട്ടുള്ള ഒന്നാണ്. അദ്ദേഹം പോയ വഴികള്‍, അദ്ദേഹം പങ്കെടുത്ത ചലച്ചിത്ര മേളകള്‍, അദ്ദേഹം സിനിമകളെ കൊണ്ടുപോകുന്ന ഒരു രീതി, സിനിമയെ അന്തര്‍ദേശീയമായി ശ്രദ്ധേയമാക്കുന്ന ഒരു രീതി... എന്നിവയെല്ലാം പുതിയ സംവിധായകര്‍ക്ക്, പ്രത്യേകിച്ചും അന്തര്‍ദേശീയ തലത്തില്‍ സിനിമകളെ കൊണ്ടുപോകുന്ന ആളുകള്‍ക്ക് വലിയ പാഠപുസ്തകമാണ്," ഡോ. ബിജു അനുസ്മരിച്ചു.